മെൽബണിൽ ആദ്യമായി ‘മലബാർ ഫെസ്റ്റ് ഓസ്‌ട്രേലിയ 2026’ നവംബർ 13-ന്; കലയും രുചിവൈവിധ്യങ്ങളും കോളിംഗ്‌വുഡ് ടൗൺ ഹാളിലേക്ക്

മെൽബൺ: മലബാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനത് കലാരൂപങ്ങളും രുചിവൈവിധ്യങ്ങളും ഒരേ വേദിയിലെത്തിക്കുന്ന ‘മലബാർ ഫെസ്റ്റ് ഓസ്‌ട്രേലിയ 2026’ നവംബർ 13 വെള്ളിയാഴ്ച മെൽബണിലെ കോളിംഗ്‌വുഡ് ടൗൺ ഹാളിൽ അരങ്ങേറും. പക്കാ ലോക്കൽ , ത്രൈവ് ടുഗെദർ ഓസ്‌ട്രേലിയ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മേള വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയാണ് നടക്കുക. മലബാറിന്റെ തനത് സംസ്കാരവും പാരമ്പര്യവും ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും, പ്രവാസികളായ പുതുതലമുറയ്ക്ക് മലബാറിന്റെ സാംസ്കാരിക പൈതൃകവുമായി കൂടുതൽ അടുത്തിടപഴകാൻ അവസരമൊരുക്കാനുമാണ് ഈ സാംസ്കാരിക കൂട്ടായ്മ ലക്ഷ്യമിടുന്നത്.

മലബാറിന്റെ തനത് പാരമ്പര്യ കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകുന്ന സാംസ്കാരിക പരിപാടികളാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. ദഫ് മുട്ട്, ഒപ്പന, കളരിപ്പയറ്റ്, തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ വേദിയിലെത്തും. കലയും സംഗീതവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, മെൽബണിലെ പ്രാദേശിക കലാകാരന്മാർക്കും കലാസംഘങ്ങൾക്കും തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള വലിയൊരു വേദിയായും ഇത് മാറും. പ്രമുഖ സോഷ്യൽ മീഡിയ താരവും ഗായകനുമായ ഹനാൻ ഷായും ഈച്ചുവും ചേർന്നൊരുക്കുന്ന സംഗീതവും വിനോദവും നിറഞ്ഞ പ്രത്യേക ലൈവ് ഷോ പരിപാടിയുടെ മറ്റൊരു മുഖ്യ സവിശേഷതയാണ്.

ഇതോടൊപ്പം ഒരുക്കുന്ന ‘മലബാർ കൾച്ചറൽ മാർക്കറ്റും’ ഫുഡ് കോർട്ടും മേളയുടെ മാറ്റുകൂട്ടും. മലബാർ ഹട്ട് ഒരുക്കുന്ന വിവിധയിനം ബിരിയാണികൾ, മന്തി, ചട്ടിപ്പത്തിരി, പൊറോട്ട, ബീഫ്, കല്ലുമ്മക്കായ, കൈപോള, മുട്ടമാല തുടങ്ങിയ പരമ്പരാഗത ഭക്ഷണവിഭവങ്ങൾ ഇവിടെ ലഭ്യമാകും. ഭക്ഷണത്തോടൊപ്പം പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഫാഷൻ ആക്സസറികൾ, മെഹന്തി എന്നിവയും മേളയിലുണ്ടാകും. പ്രാദേശിക ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമുള്ള മികച്ചൊരു വാണിജ്യ വേദി കൂടിയാണിത്.

കൾച്ചറൽ പ്രോഗ്രാമും ഹനാൻ ഷായുടെ പരിപാടിയും ടിക്കറ്റ് മുഖേനയായിരിക്കും പ്രവേശനം. എന്നാൽ, കൾച്ചറൽ മാർക്കറ്റിലേക്കും ഫുഡ് കോർട്ടിലേക്കും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. മെൽബണിലെ മുഴുവൻ മലയാളി സമൂഹത്തെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒത്തുചേർത്ത് മലബാറിന്റെ പൈതൃകം ആഘോഷിക്കുന്ന ചരിത്രപരമായ ഒരു ഉത്സവമാക്കി ഫെസ്റ്റിനെ മാറ്റാനാണ് സംഘാടകരുടെ തീരുമാനം.

റിപ്പോര്‍ട്ട്: ഗിരീഷ് അവണൂര്‍

Leave a Reply

Your email address will not be published. Required fields are marked *