വൈദ്യുതി പ്രതിസന്ധി രൂക്ഷം; ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമത്തിന് വഴിവെച്ചെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നും കേരളം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.

2014-ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിരുന്നു. 2016 മുതൽ വൈദ്യുതി വാങ്ങിയിരുന്നെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വാങ്ങൽ തടയുകയായിരുന്നു. പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് തിരിച്ചടിയായ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരായ ഹർജിയാണ് കേരളം ഇപ്പോൾ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *