ലോക്കറിൽ സ്വർണം വെച്ച് സമാധാനമായി ഉറങ്ങണ്ട! പ്രളയം വന്നാൽ ബാങ്ക് കൈമലർത്തും

സ്വർണ്ണവില പവൻ ലക്ഷങ്ങളിലേക്ക് അടുക്കുമ്പോൾ വീടുകളേക്കാൾ സുരക്ഷിതമെന്ന് കരുതി ബാങ്ക് ലോക്കറുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ ലോക്കർ വാടക കൃത്യമായി അടയ്ക്കുന്നതുകൊണ്ട് മാത്രം നിങ്ങളുടെ സ്വർണ്ണത്തിന് ബാങ്ക് പൂർണ്ണ ഉത്തരവാദിത്തം നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ലോക്കറിലെ സ്വർണം നഷ്ടപ്പെട്ടാൽ ബാങ്ക് നൽകുന്ന നഷ്ടപരിഹാര തുക കേട്ടാൽ നിങ്ങൾ ഞെട്ടും. ലോക്കറിലുള്ള സാധനങ്ങൾ മോഷണം പോവുകയോ, ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് മൂലമോ തീപിടുത്തം മൂലമോ നഷ്ടപ്പെട്ടാൽ ബാങ്ക് നൽകുന്ന പരമാവധി നഷ്ടപരിഹാരം ലോക്കർ വാടകയുടെ 100 മടങ്ങ് മാത്രമാണ്.

ഉദാഹരണത്തിന്, നിങ്ങൾ 2,000 രൂപയാണ് വാർഷിക വാടക നൽകുന്നതെങ്കിൽ, ലോക്കറിൽ എത്ര കോടിയുടെ സ്വർണമുണ്ടെങ്കിലും ബാങ്ക് നൽകുന്നത് വെറും 2 ലക്ഷം രൂപ മാത്രമായിരിക്കും. ഇന്നത്തെ വിലയനുസരിച്ച് രണ്ട് പവൻ സ്വർണം വാങ്ങാൻ പോലും ഈ തുക തികയില്ല.

പ്രളയം, ഭൂകമ്പം, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലം ലോക്കറിലെ സാധനങ്ങൾ നശിച്ചാൽ ബാങ്കിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താവ് തന്നെ മുഴുവൻ നഷ്ടവും സഹിക്കേണ്ടി വരും. കൂടാതെ, ലോക്കറിലെ സാധനങ്ങൾക്ക് ബാങ്ക് ഇൻഷുറൻസ് നൽകുന്നു എന്നതും തെറ്റായ ധാരണയാണ്. ലോക്കറിനുള്ളിൽ ഉപഭോക്താവ് എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ബാങ്കിന് അറിയാത്തതിനാൽ നിയമപരമായി ഇൻഷുറൻസ് നൽകാൻ ബാങ്കിന് അധികാരമില്ല.

ലോക്കറിലെ സ്വർണ്ണത്തിന് സുരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കൾക്ക് സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

*വ്യക്തിഗത ഇൻഷുറൻസ്: എച്ച്ഡിഎഫ്സി എർഗോ, ഓറിയന്റൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികൾ ആഭരണങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നുണ്ട്.

*ഹോം ഇൻഷുറൻസ് ആഡ്-ഓൺ: നിങ്ങളുടെ നിലവിലുള്ള ഹോം ഇൻഷുറൻസ് പോളിസിയിൽ ‘Valuables and Jewellery’ എന്ന കവറേജ് ഉൾപ്പെടുത്തുന്നത് പ്രായോഗികമായ വഴിയാണ്.

*ഗോൾഡ് ഓവർഡ്രാഫ്റ്റ്: സ്വർണം നിക്ഷേപമായി കാണുന്നവർക്ക് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണിത്. സ്വർണ്ണം ബാങ്കിൽ പണയപ്പെടുത്തി ഓവർഡ്രാഫ്റ്റ് എടുക്കുമ്പോൾ ബാങ്ക് അതിന്റെ ‘കസ്റ്റോഡിയൻ’ ആയി മാറുകയും 100% ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *