മെൽബൺ: മെൽബണിലെ മൊനാഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ 2022-ൽ എട്ടുവയസ്സുകാരി അമൃത ലങ്ക മരിച്ച സംഭവം ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നുവെന്ന് വിക്ടോറിയൻ കൊറോണറുടെ അന്വേഷണ കണ്ടെത്തൽ. കൊറോണർ കോടതിയിൽ കണ്ടെത്തലുകൾ വിശദീകരിക്കുന്നതിനിടെ ഡെപ്യൂട്ടി സ്റ്റേറ്റ് കൊറോണർ പരേസ സ്പാനോസ് വിതുമ്പിക്കരഞ്ഞു. ആശുപത്രിയിലെ പരിചരണത്തിലും ചികിത്സാ മാനേജ്മെന്റിലുമുണ്ടായ ഗുരുതരമായ വീഴ്ചകളാണ് ഹൃദയപേശികളെ ബാധിക്കുന്ന ലിംഫോസൈറ്റിക് മയോകാർഡൈറ്റിസ് (lymphocytic myocarditis) മൂലം കുട്ടി മരണപ്പെടാൻ ഇടയാക്കിയതെന്ന് കൊറോണർ വ്യക്തമാക്കി.
വർഷങ്ങളായുള്ള കാത്തിരിപ്പിനും കണ്ണീരിനും ഒടുവിലാണ് അമൃതയുടെ മാതാപിതാക്കൾക്ക് ഈ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത്. “അവർ എന്റെ മകളെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു” എന്ന് അമൃതയുടെ പിതാവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഛർദ്ദിയും കഠിനമായ വയറുവേദനയുമായാണ് അമൃതയെ ആദ്യം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ദഹനനാളത്തെ ബാധിക്കുന്ന ഗ്യാസ്ട്രോഎന്ററൈറ്റിസ് (gastroenteritis) ആണെന്നായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയുടെ ആരോഗ്യനില പിന്നീട് വഷളായി. പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയെ പരിശോധിച്ച രജിസ്ട്രാർ ഡോക്ടർക്ക് മയോകാർഡൈറ്റിസ് ആണെന്ന സംശയം തോന്നുകയും രക്തപരിശോധനയിൽ കൂടുതൽ അസ്വാഭാവികതകൾ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ പരിശോധനാഫലങ്ങൾ പൂർണ്ണമായും വിശ്വസനീയമല്ലെന്ന് വിലയിരുത്തിയ രജിസ്ട്രാർ, അമൃതയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു.
അത്യാഹിത വിഭാഗങ്ങൾ നേരിടുന്ന ജോലിഭാരവും താരതമ്യേന ജൂനിയറായ ഡോക്ടർ പാട്രിക് ടാനിന്റെ ചുമതലകളും കൊറോണർ തന്റെ കണ്ടെത്തലുകളിൽ ചൂണ്ടിക്കാട്ടി. എങ്കിലും കുട്ടിക്ക് ലഭിച്ച ചികിത്സാ നിലവാരം തികച്ചും അപര്യാപ്തമായിരുന്നുവെന്നും കൃത്യമായ സമയത്ത് ശരിയായ ചികിത്സ നൽകിയിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നുവെന്നും കൊറോണർ പരേസ സ്പാനോസ് അടിവരയിട്ടു.

