എറണാകുളം : ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസ് പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.
മെട്രോ നഗരമായ എറണാകുളം ജില്ലയെ സംബന്ധിച്ചിടത്തോളം ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വളരെ സുശക്തമായി കൊണ്ടുപോകുന്നതിനും സൗകര്യമുള്ള ഓഫീസ് അനിവാര്യമാണ്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ 2024-25 പ്ലാൻ ഫണ്ടിൽ നിന്നും 11.2 കോടി രൂപയാണ് പുതിയ ആസ്ഥാന മന്ദിരത്തിനായി അനുവദിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറടക്കം 2 നിലകളിലായാണ് ഓഫീസ് കെട്ടിടം നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ഓങ്കോളജി ബ്ലോക്ക്, ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇന്ന് ജനറൽ ആശുപത്രിയിൽ ഉണ്ട്. നിരവധി സാധാരണക്കാരായ ആളുകൾ ജനറൽ ആശുപത്രിയിൽ എത്തി സംതൃപ്തരായി മടങ്ങുന്നു. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. ഇതിനായി ജനറൽ ആശുപത്രി ടീം നടത്തിയ പരിശ്രമം ചരിത്രമാണെന്നും മന്ത്രി പറഞ്ഞു.
അടിമാലിയിലും ഇടുക്കിയിലും കാത്ത് ലാബ് യാഥാർഥ്യമായതോടെ എല്ലാ ജില്ലകളിലും സർക്കാർ സംവിധാനത്തിൽ കാത്ത് ലാബ് യാഥാർഥ്യമായി. സർക്കാർ ആശുപത്രികളിൽ ഹൃദയാഘാതവുമായി വരുന്നവരുടെ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകൾ സർക്കാർ സംവിധാനങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ ആളുകളുടെ ജീവിത നിലവാരം ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.
നാഷണൽ ഹെൽത്ത് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായി ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന വിപുലീകരിച്ച വാക്സിൻ സ്റ്റോറിന്റെയും, വെർട്ടിഗോ ക്ലിനിക്കിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹെൽത്തി കേരള ഫീൽഡ് കാമ്പയിനിന്റെ ഭാഗമായുള്ള ഐ ഇ സി വാനിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ, സേവനങ്ങൾ, രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ, ആരോഗ്യശീലങ്ങൾ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ഹൃദയം മാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോർജ്ജ് വാളുരാൻ, ഡോ. ജിയോ പോൾ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്ജ്, ഡോ. ഗോപകുമാർ എന്നിവരെ ആദരിച്ചു.

