ഇങ്ങനെ കരയിക്കാമോ സാർ? ശരത്തിന് പിറന്നാൾ ആശംസകൾ!

ഒരൊറ്റ വാക്കിൽ സിനിമയിലെ ഗാനസന്ദർഭം വരച്ചിട്ടു സംവിധായകൻ ലാൽജോസ്: “നഷ്ടപ്രണയം”. ഇനിയെല്ലാം ഗാനരചയിതാവിന്റെ കയ്യിൽ.

ആയിരക്കണക്കിന് പാട്ടുകൾ പിറന്നുവീണിട്ടുണ്ടാവും ആ ആശയവുമായി മലയാളത്തിൽ. പ്രണയവും വിരഹവും പ്രണയനിരാസവുമൊക്കെ നിറഞ്ഞുതുളുമ്പുന്ന അനശ്വര ഗാനങ്ങൾ. ആ പാട്ടുകളുടെ കൈപിടിച്ച് വളർന്നുവന്ന ഒരാൾക്ക് എങ്ങനെ അവയുടെ സ്വാധീനത്തിൽ നിന്ന് ഓടിയൊളിക്കാനാകും? എന്നാൽ ശരത് വയലാറിന്റെ ഓർമ്മയിൽ ആ നിമിഷം ഒഴുകിയെത്തിയത് ഒരേയൊരു പാട്ട് മാത്രം: “സ്വർഗ്ഗമെന്ന കാനനത്തിൽ സ്വർണ്ണമുഖീ നദിക്കരയിൽ സ്വപ്നമയീ വാഴുന്നു ഞാൻ സുഖമറിയാതെ…” (രചന: ശ്രീകുമാരൻ തമ്പി, സംഗീതം: എം എസ് വിശ്വനാഥൻ. ചിത്രം: ചന്ദ്രകാന്തം)

കാരണമുണ്ട്. സ്വന്തം ജീവിതത്തിലെ പ്രണയനഷ്ടവുമായി അങ്ങേയറ്റം ചേർന്നുനിൽക്കുന്നു ആ വരികൾ. “പാട്ടിന്റെ ചരണത്തിലെ രാത്രികൾ തൻ ശൂന്യതയിൽ പ്രേമപൂജ ചെയ്തിടുന്നു സത്യമായ നിൻ പ്രഭ തൻ പൂക്കളില്ലാതെ എന്ന വരി കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു എനിക്ക്. അത്രയും തീവ്രമായിരുന്നു കൗമാരകാലത്തെ പ്രണയനഷ്ടം ഏൽപ്പിച്ച ആഘാതം.”– ശരത്തിന്റെ വാക്കുകൾ. കാലം മാറിയിരിക്കാം; ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും. പക്ഷേ മനുഷ്യമനസ്സിലെ ലോലവികാരങ്ങളെല്ലാം അന്നുമിന്നും ഒരുപോലെ തന്നെ. പണ്ട് പ്രണയഭംഗം എന്ന് നമ്മളൊക്കെ കാവ്യാത്മകമായി വിളിച്ചതിനെ ഇന്നത്തെ കുട്ടികൾ ഒട്ടൊരു ലാഘവത്തോടെ ബ്രേക്കപ്പ് എന്ന് വിളിക്കുന്നു. അത്രയേയുള്ളൂ വ്യത്യാസം.

ആർദ്രമായ ആ ഓർമ്മകളിലേക്ക് തിരികെ നടന്ന് “അയാളും ഞാനും തമ്മിൽ” എന്ന പടത്തിനു വേണ്ടി വിഷാദമധുരമായ ഒരു ഗാനം സൃഷ്ടിക്കുന്നു ശരത്: “അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയി, നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി; ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു, കിതയ്ക്കുന്നു നീ ശ്വാസമേ..” പ്രണയനഷ്ടം എന്തെന്നറിഞ്ഞ ഒരാൾക്ക് മാത്രം എഴുതാൻ കഴിയുന്ന വരികൾ. “നോവിന്റെ തീരങ്ങളിലെ ഏകാന്തത അനുഭവിച്ചറിഞ്ഞതുകൊണ്ടാവും അങ്ങനെ എഴുതാൻ തോന്നിയത്..”– ശരത് ചിരിക്കുന്നു.

വർഷങ്ങൾക്കിപ്പുറവും മലയാളികൾ പ്രായഭേദമന്യേ ഹൃദയത്തോട് ചേർത്തുവെക്കുന്നു ആ പാട്ട്. “ആദ്യം നന്ദി പറയേണ്ടത് ഔസേപ്പച്ചന്റെ ഈണത്തിനാണ്.”– ശരത്തിന്റെ വാക്കുകൾ. “നല്ലൊരു ട്യൂണിന് ഏത് എഴുത്തുകാരനെയും പ്രലോഭിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും. അങ്ങനെയൊരു മാജിക് ഉണ്ടായിരുന്നു ആ ഈണത്തിൽ. ഹൃദയത്തിൽ നിന്നെഴുതാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക്. അന്നെന്റെ ഉൾച്ചുണ്ടിൽ തേൻതുള്ളി നീ ഇന്നെന്റെ ഉൾപ്പൂവിൽ മിഴിനീര് നീ എന്നൊക്കെ എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ”

പാട്ടിന് ശബ്ദം പകർന്ന യുവഗായകൻ നിഖിൽ മാത്യുവിനുമില്ല മറിച്ചൊരു അഭിപ്രായം. “ഇത്രകാലം കഴിഞ്ഞിട്ടും ആളുകൾ ആ പാട്ട് ഓർത്തിരിക്കുന്നുവെങ്കിൽ, ആ സ്വീകാര്യതയുടെ നല്ലൊരു ഭാഗം ക്രെഡിറ്റും ഔസേപ്പച്ചൻ സാറിന് അവകാശപ്പെട്ടതാണ്.”– നിഖിൽ പറയും. നിഖിലിന്റെ സിനിമാജീവിതത്തിലെ സുവർണ്ണഗാനമായിരുന്നു അഴലിന്റെ ആഴങ്ങളിൽ. മലയാളത്തിലും തമിഴിലുമായി അതിനു മുൻപും കുറച്ചു പാട്ടുകൾ പാടിയിരുന്നെങ്കിലും സംഗീത പ്രേമികൾ കോട്ടയത്തുകാരനായ ഈ ഗായകനെ തിരിച്ചറിഞ്ഞതും സ്നേഹിച്ചുതുടങ്ങിയതും “അയാളും ഞാനും തമ്മിൽ” എന്ന ചിത്രത്തിലെ പാട്ടിലൂടെ തന്നെ.

ശരത്തിന്റെ പ്രിയപ്പെട്ട സ്വന്തം രചനകളിലൊന്നാണ് അഴലിന്റെ ആഴങ്ങളിൽ. “സത്യത്തിൽ അധിക സമയമെടുത്ത് എഴുതിയ പാട്ടല്ല. ഏറ്റവും പ്രയാസപ്പെട്ടത് അതേ ചിത്രത്തിലെ തുള്ളിമഞ്ഞിനുള്ളിൽ എന്ന പാട്ടെഴുതാനാണ്. പതിവിലും ബുദ്ധിമുട്ടുള്ള ട്യൂണായിരുന്നു. ഏറെ സമയം വേണ്ടിവന്നു അനുയോജ്യമായ വരികൾ കണ്ടെത്താൻ..”– ശരത് ഓർക്കുന്നു.

“അഴലിന്റെ ആഴങ്ങളിൽ” ആവർത്തിച്ച് കേട്ട് വികാരഭരിതരായി ഇന്നും ശരത്തിനെ വിളിക്കുന്നവരുണ്ട്. ചിലരൊക്കെ വിതുമ്പിക്കൊണ്ടാണ് സംസാരിക്കുക. “ഇങ്ങനെ ദുഃഖിപ്പിക്കാമോ സാർ” എന്നൊക്കെ ചോദിക്കും പലരും. “സിനിമയിലെ ഒരു പ്രത്യേക കഥാസന്ദർഭം മനസ്സിൽ കണ്ടെഴുതിയ പാട്ട് എത്രയോ അപരിചിതരായ ആളുകളെ നിശബ്ദമായെങ്കിലും കരയിക്കുന്നുവെങ്കിൽ, അത് പാഴായിപ്പോയില്ല എന്നല്ലേ അർത്ഥം? അതുകൊണ്ടുതന്നെ ആ ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്…”

രവിമേനോൻ ( കാതോരം)

Leave a Reply

Your email address will not be published. Required fields are marked *