തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ സംഘർഷാവസ്ഥ. ചോദ്യോത്തരവേളക്കിടെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.
സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച അൻവർ സദാത്ത് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ തടഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎയും ഡയസിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി.
സഭയ്ക്കുള്ളിലും സമരം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു. എസ്ഐടി നോക്കുക്കുത്തിയായി. പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നു. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎം നേതാക്കളും പുറത്തിറങ്ങുമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന് ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയാണെന്ന് മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.

