ലൂസിയാന: അമേരിക്കയിലെ ലൂസിയാന സ്വദേശിനിയായ 28-കാരി കിർസ്റ്റൻ ലിൻഡ്സിയുടെ ആദ്യ ക്രൂയിസ് യാത്ര ഗുരുതര അപകടത്തെ തുടർന്ന് ദുരനുഭവമായി. ഹോണ്ടുറാസിലെ ഒരു തീരസഞ്ചാര പരിപാടിക്കിടെ റോപ്പ് സ്വിംഗ് ഉപയോഗിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവതിക്ക് ചികിത്സയ്ക്കും മെഡിക്കൽ എയർ ആംബുലൻസ് സേവനത്തിനുമായി ഏകദേശം 71,500 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം ₹62 ലക്ഷം) ചെലവായതായി റിപ്പോർട്ട്.
കാർണിവൽ ക്രൂയിസിന്റെ മൂന്നാം ദിവസമായിരുന്നു അപകടം. റോപ്പ് സ്വിംഗിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിനിടെ സുരക്ഷാ കയർ ശരീരത്തിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് യുവതിയുടെ പങ്കാളി ബ്ലേക്ക് ഫോർഡ് അറിയിച്ചു. ആദ്യം ചെറിയ പരിക്കാണെന്ന് കരുതിയെങ്കിലും പിന്നീട് ഗുരുതരമായ വീക്കവും അസഹനീയമായ വേദനയും അനുഭവപ്പെട്ടതോടെ കപ്പലിലെ മെഡിക്കൽ സെന്ററിൽ ചികിത്സ നൽകി. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അമേരിക്കയിലേക്ക് മെഡിക്കൽ എയർ ആംബുലൻസിൽ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
മെഡിക്കൽ എയർ ആംബുലൻസിനും ആശുപത്രി ചികിത്സയ്ക്കും വൻതുക ചെലവായതായി കുടുംബം അറിയിച്ചു. യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായതായും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചികിത്സാച്ചെലവുകൾ വഹിക്കാൻ കുടുംബം ഓൺലൈൻ ധനശേഖരണ (GoFundMe) ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

