അഡ്‌ലെയ്ഡ്: മുൻപ് സാമ്പത്തിക തട്ടിപ്പുകേസുകളിൽ ആറ് വർഷത്തോളം തടവുശിക്ഷ അനുഭവിച്ച ശേഷം ജീവകാരുണ്യ സംഘടനയുടെ ഡയറക്ടറായി പ്രവർത്തിച്ചുവന്ന സാമുവൽ മാർക്ക് നാരോവേ പുതിയ വഞ്ചനാക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും കോടതിയിൽ ഹാജരായി. തടവുകാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന അഡ്‌ലെയ്ഡിലെ ‘സെക്കൻഡ് ചാൻസസ്’ എന്ന ജീവകാരുണ്യ സംഘടനയുടെ തലവനായി പ്രവർത്തിക്കുന്നതിനിടെയാണ് ഇയാൾക്കെതിരെ പുതിയ കുറ്റങ്ങൾ ചുമത്തപ്പെട്ടത്.
വ്യാജ രേഖകൾ ചമയ്ക്കൽ, അനധികൃതമായി കെട്ടിടങ്ങളിൽ പ്രവേശിക്കൽ എന്നിവയുൾപ്പെടെ നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2025 ഡിസംബറിൽ മൊബിലോങ്, മുറെ ബ്രിഡ്ജ്, നോർത്ത്ഫീൽഡ് എന്നിവിടങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എലിസബത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നാരോവേ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചതിനെത്തുടർന്ന് കേസ് നവംബറിലേക്ക് മാറ്റിവെച്ചു. ആരോപണങ്ങൾ സംഘടനയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും കേസ് നടക്കുന്ന ഘട്ടത്തിൽ ഡയറക്ടർക്ക് മാനേജ്‌മെന്റ് പൂർണ്ണ പിന്തുണ നൽകുമെന്നാണ് സെക്കൻഡ് ചാൻസസ് നേതൃത്വത്തിന്റെ നിലപാട്.
പോലീസ് ഉദ്യോഗസ്ഥനായും സേഫ്‌വർക്ക് എസ്.എ ഇൻസ്പെക്ടറായും ആൾമാറാട്ടം നടത്തിയ ചരിത്രമുള്ളയാളാണ് സാമുവൽ നാരോവേ. ഫ്ലാഷിംഗ് ലൈറ്റുകളും വ്യാജ ബാഡ്ജും ഉപയോഗിച്ച് വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പിഴ ഈടാക്കിയതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 2019-ൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. ‘മനുഷ്യർക്ക് മാറ്റങ്ങൾ വരാം’ എന്ന നിലപാടോടെയാണ് ജയിൽ മോചിതനായ ശേഷം ഇയാൾ ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തിയത്.
പ്രതിവർഷം രണ്ട് ലക്ഷത്തോളം ഓസ്‌ട്രേലിയൻ ഡോളർ സർക്കാർ ഫണ്ട് ലഭിച്ചിരുന്ന സംഘടനയായിരുന്നു സെക്കൻഡ് ചാൻസസ്. എന്നാൽ പുതിയ കേസുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം സർക്കാർ പൂർണ്ണമായി നിർത്തലാക്കി. ഗുരുതരമായ സാമ്പത്തിക തിരിമറികൾ നടത്തിയ മുൻ കുറ്റവാളി നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയുടെ തലപ്പത്ത് എങ്ങനെ എത്തിയെന്നതിനെച്ചൊല്ലിയും, ജീവകാരുണ്യ സംഘടനകളുടെ നിയമനങ്ങളിൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓസ്‌ട്രേലിയൻ പൊതുസമൂഹത്തിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.

