സിഡ്നി: കാട്ടുതീ സാധ്യത തടയുന്നതിനായി സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ വെഡ്ഡർബണിൽ നടത്തിയ നിയന്ത്രിത മുൻകരുതൽ തീയിടൽ നിയന്ത്രണരേഖകൾ മറികടന്ന് പടർന്നുപിടിച്ചത് കനത്ത ആശങ്ക പരത്തി. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് അഗ്നിബാധ നിയന്ത്രണരേഖകൾ ഭേദിച്ച് ആളിപ്പടർന്നത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ഫയർ ട്രക്ക് പൂർണ്ണമായും കത്തിനശിക്കുകയും മറ്റ് രണ്ട് വാഹനങ്ങൾക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഒരാൾ ഉൾപ്പെടെ 19 പേരെ പാരാമെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ ആരെയും ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ല.
തീ ആളിപ്പടർന്ന് സമീപത്തെ വീടുകൾക്ക് തൊട്ടടുത്ത് എത്തിയെങ്കിലും അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. തുടർന്ന് സേന തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നിയന്ത്രിത മുൻകരുതൽ തീയിടൽ എങ്ങനെയാണ് അതിർത്തി കടന്ന് അപകടകരമായ നിലയിൽ പടർന്നതെന്നതിനെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

