ഇറാൻ യുദ്ധത്തിൽ ഭിന്നത രൂക്ഷം; ട്രംപും നെതന്യാഹുവും തമ്മിൽ രൂക്ഷമായ വാക്കേറ്റമെന്ന് റിപ്പോർട്ട്

ഇ വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുനേതാക്കളും നടത്തിയ ഫോൺ സംഭാഷണം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചതായാണ് ഇസ്രയേലി മാധ്യമങ്ങളായ വൈനെറ്റും യെദിയോത്ത് അഹ്രോനോത്തും റിപ്പോർട്ട് ചെയ്തത്.

ഇറാനെതിരായ ആക്രമണം പുനരാരംഭിക്കണമെന്നും രാജ്യത്ത് ഭരണകൂടമാറ്റം ഉറപ്പാക്കണമെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്. എന്നാൽ സൈനിക നടപടികൾക്കുപകരം നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനുമേൽ സമ്മർദം ശക്തമാക്കി ചർച്ചകളിലൂടെ ആവശ്യമായ വിട്ടുവീഴ്ചകൾ നേടിയെടുക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് കരുതുന്നു.

സംഭാഷണത്തെക്കുറിച്ച് അറിവുള്ളവരെ ഉദ്ധരിച്ച് ഇരുനേതാക്കളും തമ്മിലുള്ള ഫോൺവിളി അതീവ രൂക്ഷമായിരുന്നുവെന്നാണ് വൈനെറ്റിന്റെ റിപ്പോർട്ട്. ‘നരകത്തിൽ നിന്നുള്ള നിലവിളി’ എന്ന തരത്തിലാണ് ഒരു ഉറവിടം സംഭാഷണത്തെ വിശേഷിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, വാർത്തകൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. സംഭാഷണം രൂക്ഷമായിരുന്നെന്ന പ്രചാരണം വ്യാജമാണെന്നും അസംബന്ധമാണെന്നുമാണ് ഓഫീസ് പ്രതികരിച്ചത്. ഇരുനേതാക്കളും ഫോണിൽ സംസാരിച്ചിരുന്നുവെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെങ്കിലും സംഭാഷണം സംഘർഷഭരിതമായിരുന്നില്ലെന്ന് വ്യക്തമാക്കി.

ഇറാന്റെ ആണവശേഷി പുനർനിർമിക്കാനുള്ള നീക്കങ്ങൾ തടയാൻ നിലവിലെ ഭരണകൂടത്തെ പുറത്താക്കേണ്ടത് അനിവാര്യമാണെന്ന് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാനുമായുള്ള നയതന്ത്ര നീക്കങ്ങൾ തുടരാനാണ് ട്രംപിന്റെ താത്പര്യം. ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇറാൻ വിഷയത്തിൽ ഇരുനേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തേയും പുറത്തുവന്നിരുന്നു. ജൂണിൽ നടന്ന ഫോൺ സംഭാഷണത്തിനിടെ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചതായി ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. പുതിയ സംഭവവികാസങ്ങൾ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള യുദ്ധതന്ത്രത്തിലെ ഭിന്നതകൾ കൂടുതൽ വ്യക്തമാക്കുന്നതാണ്.

അ

Leave a Reply

Your email address will not be published. Required fields are marked *