കെയ്റോ: യൂറോപ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 35 സംഘടനകളെയും 36 വ്യക്തികളെയും ഭീകരസംഘടനകളുടെയും ഭീകരരുടെയും പട്ടികയിൽ ഉൾപ്പെടുത്തി ഈജിപ്ത്. കെയ്റോ ക്രിമിനൽ കോടതിയാണ് അഞ്ചുവർഷത്തേക്ക് പട്ടികയിൽ ഉൾപ്പെടുത്താൻ ഉത്തരവിട്ടത്. നവംബർ 10ന് പുറപ്പെടുവിച്ച ഉത്തരവ് ഈജിപ്ഷ്യൻ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനകൾ, സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, കൗൺസിലുകൾ എന്നിവയാണ് പട്ടികയിലുള്ളത്. കൗൺസിൽ ഓഫ് യൂറോപ്യൻ മുസ്ലിംസ്, ഫ്രാൻസിലെ മുസ്ലിംസ് ഓഫ് ഫ്രാൻസ്, ബ്രിട്ടനിലെ മുസ്ലിം അസോസിയേഷൻ, സ്വിസ് മുസ്ലിം ലീഗ്, ജർമൻ ഇസ്ലാമിക് കമ്മ്യൂണിറ്റി, സ്വീഡനിലെയും ഇറ്റലിയിലെയും ഇസ്ലാമിക് അസോസിയേഷനുകൾ എന്നിവ ഇതിൽപ്പെടുന്നു.
യൂറോപ്യൻ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച്, യൂറോപ്യൻ കൗൺസിൽ ഓഫ് ഇമാംസ്, യൂറോപ്യൻ കൗൺസിൽ ഫോർ മുസ്ലിം ഫാമിലി, യൂറോപ്യൻ കൗൺസിൽ ഫോർ ദ ഹോളി ഖുർആൻ, യൂറോപ്യൻ കൗൺസിൽ ഫോർ മുസ്ലിം വിമൻ, യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സയൻസസ് തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിലുണ്ട്.
പട്ടികയിൽ ഉൾപ്പെടുത്തിയ 36 വ്യക്തികളിൽ ബ്രിട്ടീഷ്-ഇറാഖി സാമൂഹിക പ്രവർത്തകനായ അനസ് ഒസാമ തൗഫീഖ് അൽ തിക്രിതി, ഇബ്രാഹിം ഫാറൂഖ് മുഹമ്മദ് അൽ സയാത്ത്, അബ്ദുൽ അസീസ് മുഹമ്മദ് അബ്ദുൽ അസീസ് ഇബ്രാഹിം എന്ന ഹംസ കോർക്മാസ്, ഹുസൈൻ മുഹമ്മദ് മുഹമ്മദ് മുഹമ്മദ് ഹലാവ, വിസാം അൽ ബർദവീൽ എന്നിവരും ഉൾപ്പെടുന്നു.
2026ലെ 11108-ാം നമ്പർ കേസുമായി ബന്ധപ്പെട്ടാണ് കെയ്റോ ക്രിമിനൽ കോടതിയുടെ നടപടി. സുപ്രീം സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നവംബർ 10ന് നടന്ന വാദത്തിനുശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റിന്റെ 250-ാം ലക്കത്തിലാണ് തീരുമാനം പ്രസിദ്ധീകരിച്ചത്.
ഈജിപ്ഷ്യൻ നിയമപ്രകാരം പട്ടികയിൽ ഉൾപ്പെട്ട സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും അവർക്കുവേണ്ടി ഫണ്ട് സമാഹരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. സംഘടനകളുടെ പ്രവർത്തനങ്ങൾക്കും സ്വത്തുക്കൾക്കും നിയമപരമായ നിയന്ത്രണങ്ങൾ ബാധകമാകും. പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെ സ്വത്തുക്കൾ മരവിപ്പിക്കൽ, യാത്രാവിലക്ക് തുടങ്ങിയ നടപടികളും സ്വീകരിക്കാം.
അതേസമയം, ഈജിപ്തിന്റെ ആഭ്യന്തര നിയമപ്രകാരമുള്ള തീരുമാനമാണിത്. യൂറോപ്യൻ യൂണിയനോ ബന്ധപ്പെട്ട യൂറോപ്യൻ രാജ്യങ്ങളോ ഈ സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചതായി ഇതിന് അർഥമില്ല.

