‘ഇന്ത്യയെ നേരിടാൻ പാകിസ്താന് ഭയം’; ബഹിഷ്കരണ നീക്കത്തിനെതിരെ ഡാനിഷ് കനേരിയ

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം ഡാനിഷ് കനേരിയ രംഗത്തെത്തി. ഈ തീരുമാനം പാകിസ്താൻ ക്രിക്കറ്റിന് വലിയ ദോഷം ചെയ്യുമെന്നും ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് ഭയമാണെന്ന തെറ്റായ സന്ദേശമാണ് ഇത് ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തൊന്നും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ, കളിക്കളത്തിൽ നിന്ന് പിന്മാറുന്നത് ടീമിന്റെ ആത്മവിശ്വാസത്തെയും പ്രതിച്ഛായയെയും ബാധിക്കുമെന്ന് കനേരിയ ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ വന്ന് കളിക്കില്ലെന്ന പാകിസ്താന്റെ നിലപാട് കണക്കിലെടുത്ത് ശ്രീലങ്കയിലാണ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ബഹിഷ്‌കരണത്തിന് യാതൊരു യുക്തിയുമില്ലെന്നാണ് കനേരിയയുടെ പക്ഷം. ഗ്രൂപ്പ് ഘട്ടത്തിൽ മത്സരം ബഹിഷ്‌കരിക്കാമെങ്കിലും സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കിൽ അന്നും കളി ഉപേക്ഷിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. മൈതാനത്തിറങ്ങി പോരാടി ജയിക്കുകയാണ് വേണ്ടതെന്നും കിരീടം ഇന്ത്യയ്ക്ക് വിട്ടുനൽകുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *