പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ വിജയമായി മുന്നേറുന്ന ‘ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് പേയ്‌മെന്റ്’ (WA Fuel Support Payment) പദ്ധതിയിലൂടെ ലഭിക്കുന്ന 100 ഡോളർ ആനുകൂല്യം യാതൊരു തടസ്സവുമില്ലാതെ എത്രയും വേഗം അക്കൗണ്ടിലെത്തിക്കാൻ അപേക്ഷകർ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പ്രകാരം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
പണം ഏറ്റവും വേഗത്തിൽ അക്കൗണ്ടിലെത്താൻ ‘ServiceWA’ ആപ്പ് വഴി തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. ഇതിനായി സ്മാർട്ട്ഫോണിൽ ServiceWA ആപ്പിനൊപ്പം ‘myID’ ആപ്പും ഇൻസ്റ്റാൾ ചെയ്യണം. ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, മെഡിക്കെയർ കാർഡ് എന്നിവയിൽ ഏതെങ്കിലും രണ്ട് രേഖകൾ ഉപയോഗിച്ച് myID-യിൽ ഡിജിറ്റൽ ഐഡന്റിറ്റി (Digital ID) പൂർണ്ണമായി വെരിഫൈ ചെയ്ത ശേഷം മാത്രമേ ServiceWA ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കൂ.
ലേണേഴ്സ്, പ്രൊവിഷണൽ (P-plate) ഉൾപ്പെടെയുള്ള സാധുവായ ഡബ്ല്യു.എ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കെല്ലാം അപേക്ഷിക്കാം. എന്നാൽ ലൈസൻസ് കാലാവധി കഴിഞ്ഞതോ, സസ്പെൻഡ് ചെയ്യപ്പെട്ടതോ ആകരുത്. അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ കയ്യിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് നമ്പറും പണം ക്രെഡിറ്റ് ആകേണ്ട ഓസ്‌ട്രേലിയൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളും (BSB, Account Number) ഉണ്ടായിരിക്കണം.
ഫ്യുവൽ സപ്പോർട്ട് പേയ്‌മെന്റ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ 31 ആണ്. പേപ്പർ ഫോമുകൾ വഴിയുള്ള മാനുവൽ അപേക്ഷകൾ പ്രൊസസ്സ് ചെയ്യാൻ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാൽ പരമാവധി ഡിജിറ്റൽ സംവിധാനം തന്നെ ഉപയോഗിക്കുക.
ഫ്യുവൽ പേയ്‌മെന്റിന് പുറമെ, നാളെ (ജൂലൈ 20 തിങ്കൾ) മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയായ ‘WA Student Assistance Payment’ (WASAP) ക്ലെയിം ചെയ്യാനുള്ള അവസരവും തുറക്കുകയാണ്. കിന്റർഗാർട്ടൻ, പ്രൈമറി വിദ്യാർത്ഥികൾക്ക് 150 ഡോളറും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 250 ഡോളറും വീതമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
വിദ്യാർത്ഥികൾക്കുള്ള ഈ ആനുകൂല്യം ക്ലെയിം ചെയ്യാൻ രക്ഷിതാക്കൾ കുട്ടിയുടെ ‘ഡബ്ല്യു.എ സ്റ്റുഡന്റ് നമ്പർ’ (WASN) കൈവശം കരുതേണ്ടതുണ്ട്. സ്കൂൾ ഡയറിയിലോ പ്രോഗ്രസ് കാർഡിലോ Compass പോലുള്ള സ്കൂൾ ആപ്പുകളിലോ ഈ നമ്പർ ലഭ്യമായിരിക്കും; അല്ലാത്തപക്ഷം പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെട്ട് ഈ നമ്പർ വാങ്ങാവുന്നതാണ്. ഈ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച വരെ മാത്രമായിരിക്കുമെന്നതിനാൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.
ഫ്യുവൽ പേയ്‌മെന്റ് അപേക്ഷകൾ സഹായിക്കാമെന്ന് പറഞ്ഞ് ഫോണിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്ന വലിയൊരു തട്ടിപ്പ് സംഘം ഇപ്പോൾ ആക്ടീവ് ആണെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. സർക്കാരിൽ നിന്ന് യാതൊരു കാരണവശാലും ഇത്തരം കാര്യങ്ങൾക്കായി നിങ്ങളെ ഫോണിൽ നേരിട്ട് ബന്ധപ്പെടില്ല. അപേക്ഷാ സംബന്ധമായ സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ServiceWA Customer Care’ നമ്പറായ 13 33 92-ൽ മാത്രം ബന്ധപ്പെടുക.

