ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നൽകിയ പരാതിയിൽ ഹേഗിലെ സ്ഥിരം മാധ്യസ്ഥ കോടതി നടത്തുന്ന നടപടികൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. കോടതിയുടെ നിയമസാധുത അംഗീകരിക്കുന്നില്ലെന്നും അതിനാൽ നടപടികളിൽ പങ്കാളികളാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ഈ നിലപാട് നിലനിൽക്കെത്തന്നെ കോടതി വാദം കേൾക്കലുമായി മുന്നോട്ടുപോകുകയാണ്.
ഇന്ത്യയുടെ കിഷൻഗംഗ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളിലെ പ്രവർത്തന രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇന്ത്യ ജലസംഭരണ കണക്കുകളിൽ മാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാനായി പാക്കിസ്ഥൻ ഉന്നയിച്ച ആവശ്യപ്രകാരമാണിത്. എന്നാൽ, കോടതിയുടെ ആവശ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.
2025 ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ചർച്ചകളും ഒരുമിച്ചു പോകില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് 1960ന് ശേഷം ആദ്യമായി ഇന്ത്യ കരാർ നിർത്തിവച്ചത്.

