ബംഗളൂരു: ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ നേരിട്ടും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മുഖേനയും ക്ഷണിച്ചതായും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സന്ദർശനത്തിന് വിപുലമായ തയാറെടുപ്പുകൾ അനിവാര്യമാണെന്നും സിബിസിഐ വാർഷിക ജനറൽ ബോഡി സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മാർ താഴത്ത് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലാണ് ആക്രമണങ്ങൾ. ഇതിലുള്ള ആശങ്ക പ്രധാനമന്ത്രിയെ അടക്കം ധരിപ്പിച്ചിട്ടുണ്ട്. പല സംഭവങ്ങളിലും നീതി നിഷേധിക്കപ്പെടുകയും നീതി വൈകുകയും ചെയ്യുന്നു. പ്രത്യാക്രമണശൈലി ക്രൈസ്തവർക്കു പരിചിതമല്ല. ശത്രുക്കളോടും ക്ഷമിക്കാനാണ് ഈശോമിശിഹാ ഉദ്ബോധിപ്പിച്ചിട്ടുള്ളത്.
സഭയ്ക്ക് ആരോടും വിദ്വേഷമോ പകയോ ഇല്ല. ഇന്ത്യക്കാരായതിൽ രാജ്യത്തെ ക്രൈസ്തവർക്ക് അഭിമാനമുണ്ട്. ദേശീയ ഐക്യത്തിനായാണു സഭ നിലകൊള്ളുന്നത്. ക്രൈസ്തവസഭ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇനിയും അതു തുടരും -മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന് മാർപാപ്പയെ സന്ദർശിക്കാൻ അനുമതി ലഭിച്ചതിനോടു പ്രതികരിക്കവെ, ഇത്തരത്തിൽ ആർക്കും സന്ദർശനാനുമതി ലഭിക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ല. വിഷയാധിഷ്ഠിത പിന്തുണയെന്നതാണു സഭയുടെ നിലപാട്. രാജ്യനിർമാണം, ന്യൂനപക്ഷ സംരക്ഷണം, ഭരണഘടനാസംരക്ഷണം എന്നിവ ഉറപ്പുവരുത്തണമെന്നു സഭയ്ക്ക് നിലപാടുണ്ട് -മാർ താഴത്ത് പറഞ്ഞു.

