എസ്. ജാനകിയമ്മയുടെ ഗാനസ്മരണകളുമായി ‘മൗനം പോലെ മധുരം’
മെൽബൺ: വിപഞ്ചിക ഗ്രന്ഥശാലയും മലയാളി പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിവലിന് (AMLF – അക്ഷരോത്സവം 2026) ഇനി വെറും ആറ് ദിവസങ്ങൾ മാത്രം. നവംബർ 21 ശനിയാഴ്ച വൈകിട്ട് 5.30-ന് മെൽബണിലെ ക്ലേട്ടൺ ടൗൺ ഹാളിലാണ് (Clayton Town Hall, Melbourne) ഈ സാഹിത്യ-സംഗീത-കലാ മഹോത്സവം അരങ്ങേറുന്നത്.
മലയാളത്തിന്റെ മധുരവും സംഗീതത്തിന്റെ മാസ്മരികതയും സാഹിത്യത്തിന്റെ സൗന്ദര്യവും കലയുടെ വിസ്മയങ്ങളും ഒരേ വേദിയിൽ ഒത്തുചേരുന്ന സായാഹ്നമാണ് പരിപാടിയിലൂടെ ഒരുങ്ങുന്നത്. പരിപാടിയുടെ ഭാഗമായി ഗാനഗന്ധർവലോകത്തെ അനശ്വര ശബ്ദമായ എസ്. ജാനകിയമ്മയുടെ ഗാനസ്മരണകളിലൂടെയുള്ള സംഗീതയാത്രയായ “മൗനം പോലെ മധുരം” അരങ്ങേറും.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ മലയാളത്തിനായി ഒരു സായാഹ്നം മാറ്റിവെക്കാനും അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും സംഗമത്തിൽ പങ്കുചേരാനുമുള്ള അവസരമാണിത്. സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും ആശയങ്ങൾ പങ്കുവെക്കാനും ഓർമ്മകളുടെ ചെപ്പുതുറക്കാനും വേദിയൊരുക്കുന്ന ഈ ആഘോഷത്തിൽ പാട്ടുകൾക്കൊപ്പം മനസ്സ് പങ്കുവെക്കാനും അക്ഷരങ്ങൾക്കൊപ്പം ചിന്തകൾ പങ്കിടാനും സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സീറ്റുകൾ പരിമിതമായതിനാൽ പ്രിയപ്പെട്ടവരെയും കൂട്ടി എത്താൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. https://app.orgnyse.com.au/684/amlf-2026-3rd-edition എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

