ബിസി തോപ്പിൽ
കാൻബെറ: ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് അഭിമാന നിമിഷം! ഓസ്ട്രേലിയയിലെ നാഷനൽ ഗാലറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് അമൂല്യ പുരാതന ഇന്ത്യൻ ശില്പങ്ങൾ കാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ഔദ്യോഗികമായി കൈമാറി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ചരിത്രനിധികൾ തിരികെ മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾക്ക് ഇതോടെ തുടക്കമായി.തമിഴ്നാട്ടിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന മൂന്ന് വിശിഷ്ട ശില്പങ്ങളാണ് ഓസ്ട്രേലിയ തിരികെ നൽകിയത്:
ഭദ്രകാളി ദേവിയുമായി ബന്ധപ്പെട്ട വെങ്കലത്തിലുള്ള ത്രിശൂലം,കരിങ്കല്ലിൽ തീർത്ത നന്ദി വിഗ്രഹംബസാൾട്ട് ശിലയിൽ കൊത്തിയെടുത്ത ആറുമുഖങ്ങളുള്ള സുബ്രഹ്മണ്യൻ (കാർത്തികേയൻ) ശില്പം എന്നിവയാണ് ആ വിശിഷ്ട ശില്പങ്ങള്
2026 ജൂലൈയിൽ മെൽബണിൽ നടന്ന മൂന്നാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിയും തമ്മിലുണ്ടാക്കിയ ധാരണയുടെ തുടർച്ചയായാണ് ഈ കൈമാറ്റം.അമൂല്യമായ ഈ സാംസ്കാരിക പൈതൃകങ്ങൾ തിരികെ നൽകുന്നതിൽ ഓസ്ട്രേലിയൻ സർക്കാരും നാഷനൽ ഗാലറിയും നൽകിയ സഹകരണത്തിന് ഇന്ത്യൻ ഹൈക്കമ്മീഷൻ നന്ദി അറിയിച്ചു. ഈ ചരിത്രനിധികൾ എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി.
ഇന്ത്യയുടെ നഷ്ടപ്പെട്ട സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിനും, പുരാതന കലാനിധികളെ അവയുടെ ജന്മനാടുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ ചുവടുവെപ്പായാണ് ഈ കൈമാറ്റം വിലയിരുത്തപ്പെടുന്നത്. ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹവും ഏറെ ആവേശത്തോടെയാണ് ഈ വാർത്തയെ വരവേറ്റത്.ഇതിന് പകരമായി ചെന്നൈ ഗവൺമെന്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഓസ്ട്രേലിയൻ ആദിമനിവാസികളുടെ (First Nations) പൂർവ്വികന്റെ തിരുശേഷിപ്പുകൾ ഇന്ത്യയും തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ നടപടി.

