ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിൽ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ വിധിച്ചു. അഞ്ചുവയസ്സുകാരിയായ ക്വാട്ടിഷ “കാൻഡി” മെയ്‌കോക്കിനെ തട്ടിക്കൊണ്ടുപോയി ചീങ്കണ്ണികൾ നിറഞ്ഞ ചതുപ്പുനിലത്തിൽ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഫ്ലോറിഡ കോടതിയുടെ ഈ വിധി.
1998-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഭയുമായി ബന്ധപ്പെട്ട് പരിചയമുള്ള ഷാൻഡെല്ലെ മെയ്‌കോക്കിനെയും മകൾ ക്വാട്ടിഷയെയും ബ്രാഡി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ അമ്മയായ ഷാൻഡെല്ലെയെ ക്രൂരമായി മർദ്ദിച്ചു ബോധരഹിതയാക്കിയ ശേഷം ഇയാൾ വഴിയരികിൽ ഉപേക്ഷിച്ചു. തുടർന്ന് അഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ ഫ്ലോറിഡയിലെ ‘എവർഗ്ലേഡ്‌സ്’ (Everglades) എന്ന ചതുപ്പുനിലത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം ചീങ്കണ്ണികൾ കടിച്ചു കീറിയ നിലയിലായിരുന്നു. തലയോട്ടിയിൽ ചീങ്കണ്ണിയുടെ പല്ലുകൾ ആഴ്ന്നിറങ്ങിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ ക്രൂരത അക്കാലത്ത് ലോകമെമ്പാടും വലിയ വാർത്തയായിരുന്നു.
2007-ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഫ്ലോറിഡയിലെ നിയമപരിഷ്കാരം അനുസരിച്ച് വധശിക്ഷയ്ക്ക് ജൂറിയുടെ ഏകകണ്ഠമായ തീരുമാനം വേണമെന്ന നിയമം വന്നതോടെയാണ് കേസ് വീണ്ടും പരിഗണിച്ചത്. പുനർവിചാരണയിൽ ജൂറി വധശിക്ഷ ഒഴിവാക്കി പകരം ജീവപര്യന്തം തടവ് നൽകാൻ തീരുമാനിച്ചു.
തന്റെ മകളെ നഷ്ടപ്പെട്ട ആ രാത്രിയെക്കുറിച്ച് കുട്ടിയുടെ അമ്മ കോടതിയിൽ വികാരാധീനയായി സംസാരിച്ചത് വിധി കേൾക്കാനെത്തിയവരെ ഈറനണിയിച്ചു. പ്രതിക്ക് ഇളവ് നൽകണമെന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് മരണം വരെ തടവ് അനുഭവിക്കാൻ കോടതി കർശന ഉത്തരവിട്ടത്.

