ടെൽ അവീവ്: തെക്കൻ ലെബനനിൽ ഉണ്ടായ കടുത്ത ഏറ്റുമുട്ടലിൽ 7 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈനിക വക്താവ് സ്ഥിരീകരിച്ചു. അതിർത്തി കടന്നുള്ള സൈനിക നീക്കത്തിനിടെയാണ് ഇസ്രായേൽ സേനയ്ക്ക് നേരെ ശക്തമായ ആക്രമണമുണ്ടായത്. ഇസ്രായേൽ മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഏറ്റുമുട്ടലിൽ 20 ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ വ്യോമമാർഗ്ഗം ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മേഖലയിൽ വരും മണിക്കൂറുകളിൽ ഏറ്റുമുട്ടൽ കൂടുതൽ ശക്തമാകുമെന്നാണ് നിലവിലുള്ള സൂചനകൾ.

