മെൽബൺ: ഓസ്‌ട്രേലിയൻ കുടുംബ വിസ സംവിധാനത്തിലെ ദീർഘമേറിയ കാത്തിരിപ്പും സങ്കീർണ്ണമായ നിയമങ്ങളും കാരണം ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ. ഹോം അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 21 മാസത്തിനിടെ പാരന്റ് വിസയ്ക്കായി അപേക്ഷിച്ച് കാത്തിരുന്ന 1,500-ലധികം മാതാപിതാക്കൾ വിസ ലഭിക്കുന്നതിന് മുൻപേ മരണപ്പെട്ടു.
ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ പ്രവാസികളുടെ പ്രായമായ മാതാപിതാക്കളെ കൂടെ നിർത്തുന്നതിനുള്ള ‘നോൺ-കൺട്രിബ്യൂട്ടറി പാരന്റ് വിസ’ ലഭിക്കാനുള്ള നിലവിലെ കാത്തിരിപ്പ് സമയം ഏകദേശം 33 വർഷമാണ്. ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്ന ‘കൺട്രിബ്യൂട്ടറി പാരന്റ് വിസ’ ലഭിക്കാൻ 15 വർഷത്തോളം കാത്തിരിക്കണം. മെൽബണിലെയും സിഡ്നിയിലെയും മലയാളികളടക്കമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് വിസയിലെ ഈ അനിശ്ചിതത്വം മാനസികമായും സാമ്പത്തികമായും തളർത്തുന്നത്.
മാതാപിതാക്കളുടെ വിസ വൈകുന്നതിനാൽ രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് പോലും ചിന്തിക്കേണ്ടി വരുന്നുവെന്ന് പല പ്രൊഫഷണലുകളും വ്യക്തമാക്കുന്നു. നിലവിൽ താത്കാലിക വിസയിൽ ഓസ്‌ട്രേലിയയിലുള്ള മാതാപിതാക്കൾ ഓരോ 18 മാസത്തിലും ആറ് മാസത്തേക്ക് രാജ്യം വിടണമെന്ന നിബന്ധനയും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, രാജ്യത്തേക്കുള്ള അറ്റ കുടിയേറ്റം കുറയ്ക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുകയാണ്. വിസിറ്റ് വിസകളിൽ ഓസ്‌ട്രേലിയയിലെത്തിയ ശേഷം രാജ്യത്തിരുന്ന് തന്നെ പാരന്റ്, സ്പൗസ് വിസകൾക്ക് അപേക്ഷിക്കുന്ന രീതി അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയേക്കും

