കാൻബറ: രാജ്യത്തെ ജനസംഖ്യയെയും സാമൂഹിക-സാമ്പത്തിക സ്ഥിതിവിശേഷങ്ങളെയും കുറിച്ചുള്ള സമഗ്ര വിവര ശേഖരണത്തിനായി ഓസ്ട്രേലിയ ഓഗസ്റ്റ് 11-ന് 2026-ലെ ദേശീയ കാനേഷുമാരി (Census) നടത്തുന്നു. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പ്രക്രിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഒരേസമയം 66 ചോദ്യങ്ങൾ അടങ്ങിയ സർവേ പൂർത്തിയാക്കുന്നത്. വിദേശ വിനോദസഞ്ചാരികൾ, താൽക്കാലിക വിസയിലുള്ളവർ എന്നിവരടക്കം രാജ്യത്തുള്ള മുഴുവൻ ആളുകളും സർവേയിൽ പങ്കാളികളാകേണ്ടതുണ്ട്.
115 വർഷം മുൻപ് 1911-ലാണ് ഓസ്ട്രേലിയയിൽ ആദ്യമായി കാനേഷുമാരി സംഘടിപ്പിച്ചത്. അന്നത്തെ രീതികളിൽ നിന്നും മാറി ഡിജിറ്റൽ യുഗത്തിലേക്ക് മാറിയ സർവേയിൽ കഴിഞ്ഞ തവണ 80 ശതമാനത്തോളം ആളുകളും ഓൺലൈൻ വഴിയാണ് വിവരങ്ങൾ നൽകിയത്. ഇത്തവണ വിദൂര മേഖലകളിലുള്ളവരിലേക്കും ഭവനരഹിതരിലേക്കും എത്തിച്ചേരുന്നതിനായി മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) സജ്ജമാക്കിയിരിക്കുന്നത്.
ചരിത്രത്തിലെ തന്നെ ഏറ്റവും പുരോഗമനാത്മകമായ കാനേഷുമാരിയായിരിക്കും ഇത്തവണത്തേത് എന്ന് വിദ്ഗ്ദ്ധർ വിലയിരുത്തുന്നു. ലൈംഗിക ആഭിമുഖ്യം, ജനനസമയത്തെ ലിംഗഭേദം, ലിംഗമാറ്റം എന്നിവ സംബന്ധിച്ച നിർണായകമായ ചോദ്യങ്ങൾ ഇത്തവണ കാനേഷുമാരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു വ്യക്തിക്ക് തങ്ങളുടെ നാല് വംശപരമ്പരകൾ വരെ രേഖപ്പെടുത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും. അതേസമയം, ‘ഇന്റർസെക്സ്’ വിഭാഗത്തെ രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക ചോദ്യങ്ങൾ ഇത്തവണയും ഉൾപ്പെടുത്തിയിട്ടില്ല.
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയ ശേഷമായിരിക്കും സർവേ വിവരങ്ങൾ സംഭരിക്കുക. 2027 ജൂണോടെയായിരിക്കും ഈ കാനേഷുമാരിയുടെ പൂർണ്ണമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഭവന നിർമ്മാണം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഭാവി വികസന നയങ്ങൾ രൂപീകരിക്കാൻ ഈ വിവരങ്ങൾ വലിയ തോതിൽ സഹായകരമാകും.

