ഉധംപൂരിൽ ഭീകരവേട്ട: രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു; വൻ വിജയം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാസേന നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് ദിവസം നീണ്ടുനിന്ന അതിസാഹസികമായ ദൗത്യത്തിനൊടുവിലാണ് മേഖലയിൽ പതുങ്ങിയിരുന്ന ഭീകരരെ സൈന്യം വധിച്ചത്. ഇതോടെ ഉധംപൂരിലെ വനമേഖലയിൽ ഭീകരർക്കായി നടത്തിവന്ന വൻ തിരച്ചിൽ ദൗത്യത്തിന് വിജയകരമായ സമാപ്തിയായി.

ഉധംപൂരിലെ ബൻസന്ത്ഗഢ് എന്ന ദുർഘടമായ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന കൃത്യമായ ഇന്റലിജൻസ് വിവരത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർ വിഭാഗം നടത്തുന്ന ‘ഓപ്പറേഷൻ കിയ’യുടെ (Operation Kia) ഭാഗമായിരുന്നു ഈ നീക്കം. തിരച്ചിൽ ശക്തമായതോടെ വനത്തിനുള്ളിൽ കുടുങ്ങിയ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ജമ്മു കശ്മീർ പോലീസും സി.ആർ.പി.എഫും സൈന്യത്തിനൊപ്പം ചേരുകയും വനമേഖല വളഞ്ഞ് പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു.

വിദൂരവും ഭൂപ്രകൃതി അതീവ ദുർഘടവുമായ മേഖലയിൽ ഡ്രോണുകളുടെയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് സൈന്യം നീങ്ങിയത്. ഭീകരർ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് സുരക്ഷാ പരിശോധനകൾ തുടരുകയാണ്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ സുരക്ഷാസേന കൈവരിച്ച വലിയ നേട്ടമാണിതെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *