വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തൊഴിൽ വിപണിയിൽ വൻ തിരിച്ചടി രേഖപ്പെടുത്തിക്കൊണ്ട് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്റ്റാറ്റ്സ് എൻസെഡ് (Stats NZ) ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമായാണ് വർദ്ധിച്ചത്. 2025 സെപ്റ്റംബർ പാദത്തിൽ ഇത് 5.3 ശതമാനമായിരുന്നു. ഏകദേശം 1,65,000 പേർ രാജ്യത്ത് നിലവിൽ തൊഴിൽരഹിതരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യവും ജീവിതച്ചെലവ് വർദ്ധിക്കുന്നതുമാണ് തൊഴിൽ വിപണിയെ ഇത്രത്തോളം പ്രതികൂലമായി ബാധിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് സ്വീകരിച്ച കർശനമായ സാമ്പത്തിക നയങ്ങൾ ബിസിനസ് മേഖലയിലെ നിക്ഷേപങ്ങളെയും പുതിയ തൊഴിലവസരങ്ങളെയും കുറച്ചു. ഓക്ലൻഡ്, വെല്ലിംഗ്ടൺ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഐടി, നിർമ്മാണ മേഖലകളിലാണ് കൂടുതൽ തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ തൊഴിൽ വിപണിയിലെ തളർച്ച വരും മാസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ലഭ്യമായ തൊഴിലുകൾക്കായി കടുത്ത മത്സരം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അടിയന്തര ഇടപെടലുകൾ വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്

