രാജ്യാന്തര ‘സാത്താനിക്’ ബാലപീഡന ശൃംഖല: ആറാമൻ പിടിയിൽ; 145 പേർ നിരീക്ഷണത്തിൽ

സിഡ്‌നി: രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ‘സാത്താനിക്’ ബാലപീഡന ദൃശ്യപ്രചാരണ ശൃംഖലയിലെ (International Satanic Child Abuse Material Ring) സജീവ അംഗമെന്ന് സംശയിക്കുന്ന ഒരാളെക്കൂടി ന്യൂ സൗത്ത് വെയിൽസ് (NSW) പൊലീസ് അറസ്റ്റ് ചെയ്തു. വൂല്ലാഹ്രയിലെ വീട്ടിൽ നിന്ന് ഇന്ന് (ഫെബ്രുവരി 4, ബുധനാഴ്ച) പിടിയിലായ കോളിൻ മിൽനെ (62) എന്നയാൾക്കെതിരെ മൃഗപീഡനം ഉൾപ്പെടെ 18 ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

സാത്താനിക് ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മറവിൽ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘത്തെ കണ്ടെത്താൻ ‘സ്ട്രൈക്ക് ഫോഴ്സ് കോൺസ്റ്റന്റൈൻ’ എന്ന പേരിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപീകരിച്ചിരുന്നു. ഈ അന്വേഷണത്തിലൂടെയാണ് ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന 145 അംഗങ്ങളെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഇവർക്കെതിരെയുള്ള വിവരങ്ങൾ ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, യുഎസ്, കാനഡ, മെക്സിക്കോ, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നിയമപാലകർക്ക് കൈമാറിയിട്ടുണ്ട്.

ഈ സംഘവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരാണ് ന്യൂ സൗത്ത് വെയിൽസിൽ അറസ്റ്റിലായത്. ഇതിൽ മുൻ നീന്തൽ പരിശീലകനായ മാർക്ക് ആൻഡ്രൂ സെൻഡെക്കി ഉൾപ്പെടുന്നു. സെൻഡെക്കിയുടെ കൂട്ടുപ്രതികളായ ബെഞ്ചമിൻ റെയ്മണ്ട് ഡ്രൈസ് ഡെയ്‌ൽ, സ്റ്റുവർട്ട് വുഡ്‌സ് റിച്ചസ് എന്നിവർക്കെതിരെ ലഹരിമരുന്ന് ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്.

കൂടുതൽ ഞെട്ടിക്കുന്ന വിവരം, സേവന മികവിന് ‘റോട്ടറി പൊലീസ് ഓഫീസർ ഓഫ് ദി ഇയർ’ അവാർഡ് ലഭിച്ച മുൻ എൻഎസ്ഡബ്ല്യു പൊലീസ് സർജന്റ് ഡേവിഡ് ടർണറും ഈ സംഘത്തിന്റെ ഭാഗമായിരുന്നു എന്നതാണ്. ജനുവരി 22-ന് സിഡ്‌നി ഒളിമ്പിക് പാർക്കിലെ വിലാസത്തിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഡേവിഡ് പൊലീസ് സേന വിട്ടതിനു ശേഷമാണ് ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാർച്ചിൽ ടർണറെ വീണ്ടും കോടതിയിൽ ഹാജരാക്കും.

കുഞ്ഞുങ്ങളെ ക്രൂരമായ പീഡനങ്ങൾക്കും ആചാരപരമായ പീഡനങ്ങൾക്കും ഇരയാക്കുന്ന ദൃശ്യങ്ങൾ ഈ സംഘം കൈവശം വെച്ചിരുന്നതായി സ്റ്റേറ്റ് ക്രൈം കമാൻഡ് അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *