ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി: ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: കൃത്രിമബുദ്ധിയുടെ (AI) ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ഇടപെടലുകൾ നിർണ്ണായകമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’-ന് നേതൃത്വം നൽകുന്ന ഭാരതത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപരമായ വിനിയോഗത്തിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു.

ന്യൂഡൽഹിയിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ ബൃഹത്തായ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ നിന്നായി 35,000-ത്തിലധികം പ്രതിനിധികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻപ് നടന്ന നാല് ഉച്ചകോടികളെയും പിന്നിലാക്കി, ചരിത്രത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയായിരിക്കും ഇന്ത്യയിൽ അരങ്ങേറുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ 500-ലധികം സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. എഐ മേഖലയിലെ നൂതനമായ ആശയങ്ങൾ പങ്കുവെക്കുന്നതിനും സാങ്കേതിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുമുള്ള ആഗോള പ്ലാറ്റ്‌ഫോമായി ഈ ഉച്ചകോടി മാറും. ആഗോളതലത്തിൽ കൃത്രിമബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യ ഒരു പ്രധാന ഹബ്ബായി മാറുന്നുവെന്നതിന്റെ തെളിവായിട്ടാണ് അന്താരാഷ്ട്ര സമൂഹം ഈ ഉച്ചകോടിയെ നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *