കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ് തികയുന്നതിനു മുൻപ് മദ്യപിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അബ്കാരി നിയമപ്രകാരം നടപടി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം സുഹൈലിനെ ജാമ്യത്തിൽ വിട്ടയച്ചു.
അപകടസമയത്ത് 19 വയസായിരുന്നു സുഹൈലിന്റെ പ്രായം. കേരളത്തിൽ മദ്യം ഉപയോഗിക്കുന്നതിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസാണ്. ആലുവ എക്സൈസ് റേഞ്ചാണ് അബ്കാരി നിയമത്തിലെ 15 എ വകുപ്പ് പ്രകാരം കേസെടുത്തത്. നേരത്തേ നോട്ടീസ് നൽകി വിളിച്ചുവരുത്തിയ സുഹൈലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടം നടന്ന ഒക്ടോബർ 11ന് മുൻപുള്ള ദിവസം ഉച്ചമുതൽ സുഹൈൽ വിവിധ ബാറുകളിൽ മദ്യപിച്ചിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കടവന്ത്ര, പാലാരിവട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ മൂന്ന് ബാറുകളിലാണ് ഇയാൾ എത്തിയത്. ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണിൽനിന്നുള്ള വീഡിയോകളും ബില്ലുകളും അന്വേഷണസംഘം പരിശോധിച്ചു.
നെടുമ്പാശേരിയിലെ ബാറിൽനിന്ന് മാത്രം 4,396 രൂപയുടെ ബിൽ ലഭിച്ചതായാണ് റിപ്പോർട്ട്. മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 വയസാണെന്നിരിക്കെ പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയതിന് മൂന്ന് ബാറുകൾക്കെതിരേയും എക്സൈസ് നടപടിയെടുത്തിരുന്നു. നെടുമ്പാശേരിയിലെ ബാറിന്റെ ലൈസൻസ് 16 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഒരു ലക്ഷത്തിലധികം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
അപകടസമയത്ത് സുഹൈലിന്റെ രക്തത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയോളം മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്ന് രാസപരിശോധനാ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വാഹനനിർമാതാക്കളായ ബിഎംഡബ്ല്യു നടത്തിയ സാങ്കേതിക പരിശോധനയിൽ അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും ഇടിയുടെ സമയത്ത് വേഗം 144 കിലോമീറ്ററായിരുന്നുവെന്നും കണ്ടെത്തി. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുൻപാണ് ബ്രേക്ക് അമർത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
ഒക്ടോബർ 11ന് പുലർച്ചെ രണ്ടുമണിയോടെയാണ് നെടുമ്പാശേരി വിമാനത്താവള സിഗ്നലിനു സമീപം സുഹൈൽ ഓടിച്ച മിനി കൂപ്പർ സ്കൂട്ടറിലിടിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സ്വദേശിയായ ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിൽ സുഹൈലിനും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. സുഹൈലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളും മറ്റ് യാത്രക്കാർക്കെതിരെ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് 36 ദിവസത്തെ തടവിനുശേഷം സുഹൈൽ കാക്കനാട് ബോസ്റ്റൽ സ്കൂളിൽനിന്ന് പുറത്തിറങ്ങിയിരുന്നു.
അപകടവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം വാഹനാപകടത്തിന്റെയും മരണങ്ങളുടെയും സാഹചര്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രായപരിധി ലംഘിച്ച് മദ്യപിച്ചതുമായി ബന്ധപ്പെട്ട പ്രത്യേക കേസാണ് എക്സൈസ് അന്വേഷിക്കുന്നത്

