ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന്റെ അഭാവം വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ അഭിപ്രായപ്പെട്ടു. സുന്ദറിന് സമാനമായ മികവുള്ള മറ്റ് താരങ്ങൾ നിലവിൽ ടീമിലുള്ളതാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് പരിക്കിന്റെ പിടിയിലുള്ള താരത്തിന് പകരം മറ്റൊരാളെ ഉടൻ ടീമിലെത്തിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനാണ് ബംഗാർ മറുപടി നൽകിയത്.
നിലവിൽ ടീമിന് വാഷിങ്ടൺ സുന്ദറിനെ അത്രയധികം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അക്സർ പട്ടേലിനെപ്പോലെയുള്ള മികച്ച സ്പിൻ ഓൾറൗണ്ടർമാർ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓഫ് സ്പിൻ എറിയാൻ കഴിവുള്ള തിലക് വർമയുടെ സാന്നിധ്യവും ടീമിന് ഗുണകരമാണ്.
ഇത്തരം ബദൽ സംവിധാനങ്ങൾ ഉള്ളതിനാൽ സുന്ദറിന് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ ആവശ്യമായ സമയം നൽകാവുന്നതാണെന്നും ടൂർണമെന്റിന്റെ പകുതി ഘട്ടത്തിൽ പോലും വേണമെങ്കിൽ പകരക്കാരെക്കുറിച്ച് ആലോചിക്കാമെന്നും ബംഗാർ വ്യക്തമാക്കി. നേരത്തെ പരിക്കിനെത്തുടർന്ന് ന്യൂസിലൻഡിനെതിരെയുള്ള പരമ്പര നഷ്ടമായ സുന്ദറിന് പകരം രവി ബിഷ്ണോയിയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്.

