ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.
ടിവി, ഡിജിറ്റല്‍ അവകാശവും സ്പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്പ്പെടെയുള്ള കണക്കാണിത്.
പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന് താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും. ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.

