ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ചരിത്രപരമായ വ്യാപാര കരാർ; പാകിസ്താനെ മറികടന്ന് പുതിയ നയതന്ത്ര നീക്കം

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ആറ് പ്രധാന രാജ്യങ്ങളുമായി (GCC) സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടാൻ ഇന്ത്യ ഔദ്യോഗികമായി ധാരണയിലെത്തി. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിലുമായി (ജി.സി.സി) വ്യാപാര കരാറിനായുള്ള ‘ടേംസ് ഓഫ് റഫറൻസിൽ’ (ToR) ഇന്ത്യ ഒപ്പുവെച്ചു. വ്യാഴാഴ്ച (ഫെബ്രുവരി 5, 2026) ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ഈ നിർണ്ണായക ചുവടുവെപ്പ് നടന്നത്.

2004-ൽ ആരംഭിച്ചെങ്കിലും പിന്നീട് തടസ്സപ്പെട്ടുപോയ ചർച്ചകളാണ് രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യയുടെ സജീവമായ ഇടപെടലിലൂടെ പുനരാരംഭിക്കുന്നത്. അയൽരാജ്യമായ പാകിസ്താൻ ഗൾഫ് മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, ഇന്ത്യയുടെ ഈ സുപ്രധാന നീക്കം എന്നത് ശ്രദ്ധേയമാണ്. ജി.സി.സി രാജ്യങ്ങളിൽ വസിക്കുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർക്കും ഈ കരാർ വലിയ ഗുണം ചെയ്യും.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം റെക്കോർഡ് വേഗത്തിൽ വളർന്ന് ഏകദേശം 178 ബില്യൺ ഡോളറിൽ എത്തിയിരുന്നു. പുതിയ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഭക്ഷ്യ സംസ്കരണം, ഐ.ടി, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപവും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യ-ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സഖ്യം വലിയ പങ്കുവഹിക്കും

Leave a Reply

Your email address will not be published. Required fields are marked *