യുകെയിൽ കെയർ ഹോം ലൈസൻസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു; മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ പ്രതിസന്ധിയിൽ

ലണ്ടൻ: യുകെയിലെ ആരോഗ്യ-പരിചരണ മേഖലയിൽ വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള സ്പോൺസർഷിപ്പ് ലൈസൻസുകൾ ഹോം ഓഫിസ് വ്യാപകമായി റദ്ദാക്കുന്നു. വീസ നിയമങ്ങൾ ദുരുപയോഗം ചെയ്യുക, ജീവനക്കാരെ ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളം നൽകുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഈ നീക്കം യുകെയിൽ കെയർ വീസയിൽ എത്തിയ ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ (2024-2025) കെയർ മേഖലയിലെ 300-ലധികം സ്ഥാപനങ്ങളുടെ സ്പോൺസർ ലൈസൻസുകളാണ് ഹോം ഓഫിസ് റദ്ദാക്കിയത്. ഇതിൽ നൂറിലധികം ലൈസൻസുകൾ കഴിഞ്ഞ ആറുമാസത്തിനിടെയാണ് റദ്ദാക്കപ്പെട്ടത്. ഇത്തരത്തിൽ ലൈസൻസ് നഷ്ടമാകുന്ന സ്ഥാപനങ്ങൾക്ക് പുതിയ വിദേശ ജീവനക്കാരെ നിയമിക്കാനോ നിലവിലുള്ളവരുടെ വീസ പുതുക്കാനോ സാധിക്കില്ല.

നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം ജീവനക്കാർക്ക് നൽകാതിരിക്കുക. അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുകയും മതിയായ വിശ്രമം നൽകാതിരിക്കുകയും ചെയ്യുക. വീസ നൽകാനായി ഇല്ലാത്ത തസ്തികകൾ കാണിക്കുകയും വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്യുക. കെയർ ഹോമുകളിൽ ആവശ്യമായ സൗകര്യങ്ങളോ മതിയായ രോഗികളോ ഇല്ലാതെ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയാണ് ഹോം ഓഫിസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *