തൊടുപുഴ: മൈ ഭാരത് ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ സ്പോർട്സ് മീറ്റിന് തുടക്കമായി. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ മേള ഉദ്ഘാടനം ചെയ്തു. ട്രാക്കിലും കോർട്ടിലും ആവേശകരമായ പോരാട്ടങ്ങളാണ് ആദ്യ ദിനം സാക്ഷ്യം വഹിച്ചത്.
അത്ലറ്റിക്സ് മത്സരങ്ങളിൽ മുഹമ്മദ് റാസിൽ ഇരട്ട സ്വർണം നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിലാണ് റാസിൽ ഒന്നാമതെത്തിയത്. 100 മീറ്ററിൽ അർജുൻ അനിൽ വെള്ളിയും മുഹമ്മദ് സുയുത്തി വെങ്കലവും നേടി. 200 മീറ്ററിൽ ഹെവൻ ഡ്രൈൻ വെള്ളി മെഡലിനും ഹെവൻ ട്രിക്ക് വെങ്കല മെഡലിനും അർഹരായി. 400 മീറ്റർ ഓട്ടമത്സരത്തിൽ വിശാൽ എൻ.ആർ സ്വർണവും, ഹെവൻ ട്രിക്ക് വെള്ളിയും, ഹെവൻ ഡ്രൈ വെങ്കലവും സ്വന്തമാക്കി.
ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഹെവൻ ഡ്രിയ – ഹെവൻ ഡ്രീന സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹിബാ സാലി – ലക്ഷ്മി രാജ് ടീമിനാണ് രണ്ടാം സ്ഥാനം.
കായികമേളയുടെ രണ്ടാം ദിനമായ നാളെ (ഫെബ്രുവരി 8) രാവിലെ 9 മണിക്ക് സോക്കർ സ്കൂളിൽ ഫുട്ബോൾ മത്സരങ്ങളും തൊടുപുഴ ഡീ പോൾ പബ്ലിക് സ്കൂളിൽ വോളിബോൾ മത്സരങ്ങളും നടക്കും.

