സിഡ്നി: കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വൻതോതിലുള്ള ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മൂന്ന് വർഷത്തിലേറെയായി ഒളിവിൽ കഴിയുന്ന ആന്റണി പെലെ (25) എന്നയാളെ അറസ്റ്റ് ചെയ്യുന്നതിനും ഓസ്ട്രേലിയയിലേക്ക് നാടുകടത്തുന്നതിനും സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് 2,50,000 ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 1.35 കോടിയിലധികം ഇന്ത്യൻ രൂപ) ന്യൂ സൗത്ത് വെയ്ൽസ് സർക്കാരും പൊലീസും ചേർന്ന് പാരിതോഷികമായി പ്രഖ്യാപിച്ചത്.
കൊലപാതകം, കൊലപാതകശ്രമം, വധഗൂഢാലോചന, തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന, വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിമരുന്ന് വിതരണം തുടങ്ങിയ കേസുകളിലായി നാല് വാറന്റുകളാണ് 25-കാരനായ ആന്റണി പെലെയ്ക്കെതിരെയുള്ളത്. 2023 ഓഗസ്റ്റിൽ ഓസ്ട്രേലിയയിൽ നിന്ന് കടന്നുകളഞ്ഞ പ്രതി നിലവിൽ വിദേശത്ത് ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ ഇയാൾ ഏത് രാജ്യത്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഓസ്ട്രേലിയയിലെ ഏറ്റവും അപകടകാരികളായ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ പെലെയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എൻ.എസ്.ഡബ്ല്യു പൊലീസും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും രാജ്യാന്തര അന്വേഷണ ഏജൻസികളുമായി ചേർന്ന് സംയുക്ത തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ്-തീവ്രവാദ വിരുദ്ധ വകുപ്പ് മന്ത്രി യാസ്മിൻ കാറ്റ്ലി വ്യക്തമാക്കി. കുറ്റവാളികളെ പിടികൂടാൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
പിടികിട്ടാപ്പുള്ളികൾ പലപ്പോഴും തങ്ങളുടെ കൂട്ടാളികളുടെയോ രഹസ്യ ശൃംഖലകളുടെയോ സഹായത്തോടെയാണ് ഒളിവിൽ കഴിയുന്നതെന്നും, ഇയാളെക്കുറിച്ച് ലഭിക്കുന്ന ചെറിയ വിവരങ്ങൾ പോലും അറസ്റ്റിലേക്ക് നയിക്കാൻ നിർണായകമാകുമെന്നും സ്റ്റേറ്റ് ക്രൈം കമാൻഡർ അസിസ്റ്റന്റ് കമ്മീഷണർ ബ്രെറ്റ് ഗ്രീൻട്രീ വ്യക്തമാക്കി. പെലെ പിടിയിലാകുന്നതുവരെ രാജ്യത്തിനകത്തും പുറത്തുമുള്ള അന്വേഷണം ഊർജിതമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയുടെ ഒളിത്താവളങ്ങളെക്കുറിച്ചോ സഹായികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സ് നമ്പറായ 1800 333 000 എന്നതിലോ, എൻ.എസ്.ഡബ്ല്യു ക്രൈം സ്റ്റോപ്പേഴ്സ് വെബ്സൈറ്റ് വഴിയോ വിവരങ്ങൾ കൈമാറണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.

