സന്തോഷ് കീഴാറ്റൂരിന്റെയും മധുപാലിന്റെയും നേതൃത്വത്തിൽ 2027 ഏപ്രിലിൽ ഓസ്‌ട്രേലിയയിൽ മലയാള നാടകോത്സവം

മെൽബൺ: പ്രശസ്ത സിനിമാ താരവും വിഖ്യാത നാടക നടനുമായ സന്തോഷ് കീഴാറ്റൂരിന്റെയും പ്രശസ്ത സംവിധായകനും നടനുമായ മധുപാലിന്റെയും നേതൃത്വത്തിൽ 2027 ഏപ്രിൽ മാസത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ മലയാള നാടകോത്സവം അരങ്ങേറുന്നു. നവോദയ ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ സന്തോഷ് കീഴാറ്റൂരിന്റെ നാടകങ്ങൾക്കൊപ്പം, ഇരുവരുടെയും നേതൃത്വത്തിൽ നാടക കളരിയും സംഘടിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്ന നാടകങ്ങളും അരങ്ങിൽ മിഴിവേകും.

നാടകോത്സവത്തിന്റെ ഭാഗമായി പെർത്ത്, അഡലെയ്ഡ്, ഡാർവിൻ, ബ്രിസ്ബേൻ എന്നിവിടങ്ങളിൽ സന്തോഷ് കീഴാറ്റൂരിന്റെ ശ്രദ്ധേയമായ ‘പെൺ നടൻ’ എന്ന നാടകം ദൃശ്യവിസ്മയം തീർക്കും. മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സോളോ ഡ്രാമയായ ‘യൗദ്ധേയ’യായിരിക്കും കലാവിരുന്നൊരുക്കുക.

പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ നമ്മുടെ തനതായ കലാരൂപത്തെ നെഞ്ചേറ്റാനുള്ള മനോഹരമായ അവസരമാണ് ചിരിയും ചിന്തയും ഒരുപോലെ പകരുന്ന ഈ നാടകങ്ങൾ. പുതുതലമുറയ്ക്ക് മലയാള ഭാഷയെയും സംസ്കാരത്തെയും അടുത്തറിയാനും പ്രവാസി സമൂഹത്തിൽ ഐക്യവും മാനവികമൂല്യങ്ങളും വളർത്താനും സഹായിക്കുന്ന ഈ കലാവിരുന്നിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി നവോദയ ഓസ്‌ട്രേലിയ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *