വിശ്വാസപ്പെരുമയിൽ പമ്പാതീരം; മാരാമൺ കൺവൻഷനിലേക്ക് ജനസാഗരം

മാരാമൺ: ലോകപ്രശസ്തമായ മാരാമൺ കൺവൻഷന്റെ 131-ാം പതിപ്പിലേക്ക് വിശ്വാസികളുടെ വൻ ഒഴുക്ക്. പമ്പാനദിയുടെ മണൽപ്പരപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഓലപ്പന്തലിൽ വചനശ്രവണത്തിനായി ആയിരങ്ങളാണ് ഓരോ ദിവസവും എത്തിച്ചേരുന്നത്. ആഗോള ക്രൈസ്തവ ഭൂപടത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ കൺവൻഷൻ, അതിന്റെ തനിമയും ലാളിത്യവും നിലനിർത്തിക്കൊണ്ടാണ് ഇത്തവണയും പുരോഗമിക്കുന്നത്.

മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകരാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. അതിരാവിലെ മുതൽ തന്നെ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നും വിശ്വാസികൾ മണൽപ്പരപ്പിലേക്ക് എത്തിത്തുടങ്ങുന്നു. വൈകുന്നേരത്തെ പ്രധാന യോഗങ്ങളിൽ പന്തലിന്റെ കപ്പാസിറ്റിയും കവിഞ്ഞുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.

കൺവൻഷന്റെ ആത്മീയ അന്തരീക്ഷത്തിന് ഭക്തിസാന്ദ്രമായ ഗാനങ്ങളിലൂടെ മാറ്റുകൂട്ടുന്ന ഗായകസംഘം ഇത്തവണയും വലിയ ശ്രദ്ധയാകർഷിക്കുന്നു.പുതിയ തലമുറയുടെ പങ്കാളിത്തം ഇത്തവണത്തെ കൺവൻഷന്റെ സവിശേഷതയാണ്. യുവാക്കൾക്കായി പ്രത്യേകം ക്രമീകരിച്ച ക്ലാസുകളിലും ചർച്ചകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ക്രിസ്തീയ സാഹിത്യങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ വിപുലമായ വിപണന കേന്ദ്രങ്ങളും കൺവൻഷൻ നഗരിക്ക് പുറത്ത് സജീവമാണ്.

കനത്ത ചൂട് കണക്കിലെടുത്ത് വിശ്വാസികൾക്ക് കുടിവെള്ളവും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും വിപുലമായി ഒരുക്കിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരുടെ (വോളിന്റിയർമാർ) അച്ചടക്കമുള്ള സേവനം തിരക്ക് നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നിതാന്ത ജാഗ്രതയും മണൽപ്പരപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *