സിഡ്നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തെത്തുടർന്ന് സിഡ്നി നഗരം യുദ്ധക്കളമായി മാറി. ഹെർസോഗിന്റെ വരവിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് ഇന്ന് സിഡ്നി ടൗൺ ഹാളിന് മുന്നിലും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലും ഒത്തുകൂടിയത്. പലസ്തീൻ പതാകകളും പ്ലക്കാർഡുകളുമേന്തി എത്തിയ പ്രതിഷേധക്കാർ നഗരത്തിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി.
സമരം അക്രമാസക്തമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കടുത്ത നടപടികൾ സ്വീകരിച്ചു. ടൗൺ ഹാളിന് സമീപം ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. നിരവധി പേരെ സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതിനെത്തുടർന്ന് സായുധരായ നൂറുകണക്കിന് പോലീസുകാരെയാണ് പ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.
ഗസ്സയിലെ സൈനിക നടപടികൾ മുൻനിർത്തി ഹെർസോഗിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും സന്ദർശനം റദ്ദാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സന്ദർശനത്തിന് മുന്നോടിയായി സിഡ്നിയിൽ പ്രത്യേക സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതിലും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധങ്ങൾക്കിടയിലും കനത്ത സുരക്ഷാ വലയത്തിലാണ് പ്രസിഡന്റിന്റെ ഓരോ പരിപാടികളും നടക്കുന്നത്. മെൽബണിലും കാൻബറയിലും സമാനമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

