തത്തമംഗലം: ചിറ്റൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വൈദ്യുതി മേഖലയിൽ 187 കോടി രൂപയുടെ ബൃഹത്തായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രസ്താവിച്ചു. തത്തമംഗലം 33 കെ.വി. സബ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറ്റൂർ 66 കെ.വി സബ് സ്റ്റേഷനെ 110 കെ.വി നിലവാരത്തിലേക്ക് ഉയർത്തിയതും വേലന്താവളം സബ് സ്റ്റേഷന്റെ ശേഷി വർധിപ്പിച്ചതും മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 17.97 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് തത്തമംഗലത്ത് പുതിയ സബ് സ്റ്റേഷൻ നിർമ്മിക്കുന്നത്. ഇതിനോടനുബന്ധിച്ച് തന്നെ ഇലക്ട്രിക് വാഹനങ്ങൾക്കായി 120 കെ.വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ഉടൻ യാഥാർത്ഥ്യമാകും.
വൈദ്യുതി വിതരണത്തിനൊപ്പം സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന ഒട്ടേറെ പദ്ധതികൾക്കും മണ്ഡലത്തിൽ മുൻഗണന നൽകിയിട്ടുണ്ട്. കാർഷിക മേഖലയിലെ 110 പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റിയതും 226 അങ്കണവാടികൾക്ക് ഇൻഡക്ഷൻ അടുപ്പുകളും 80 എണ്ണത്തിന് സോളാർ പ്ലാന്റുകളും നൽകിയതും ഇതിന്റെ ഭാഗമാണ്. എം.എൽ.എ ഫണ്ടിൽ നിന്നും 3.8 കോടി രൂപ ചിലവിട്ട് മണ്ഡലത്തിലുടനീളം സ്ട്രീറ്റ് ലെയിനുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഹരിത ഊർജ്ജ വരുമാന പദ്ധതിയിലൂടെ പത്ത് ലൈഫ് മിഷൻ വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതോടെ, ഇവർക്ക് വൈദ്യുതി ചാർജ് ലാഭിക്കുന്നതിനൊപ്പം മിച്ചം വരുന്ന വൈദ്യുതി വിറ്റ് വരുമാനമുണ്ടാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

