പാലക്കാട്: ജില്ലയിൽ പകർച്ചവ്യാധി വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്ന തിനുമായി റസിഡൻഷ്യൽ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രോഗവിവര രജിസ്റ്റർ ഉറപ്പാക്കണമെന്ന് ഇന്റർ സെക്ടറൽ യോഗം നിർദേശിച്ചു. ദേശീയ വിരവിമുക്തദിനം, ഏകാരോഗ്യം, പകർച്ചവ്യാധി അവലോകനം എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾക്കായി ഡെപ്യൂട്ടി കളക്ടർ എസ്.എസ്. അൽഫയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
സ്കൂൾ വിദ്യാർഥികളിൽ നിന്നും വീടുകളിലുള്ള മുതിർന്നവർ, മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് പകർച്ചവ്യാധികൾ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്. അതിനാൽ അസുഖബാധിതരായ കുട്ടികളെ കൃത്യമായി കണ്ടെത്തി വിവരങ്ങൾ രോഗവിവര രജിസ്റ്ററിൽ രേഖപ്പെടുത്തണം. രോഗം പടരുന്നത് തടയാനും രോഗബാധ കൃത്യമായി നിരീക്ഷിക്കുന്നതിനുമായി സ്കൂളുകളിൽ ഹെൽത്ത് നോഡൽ ഓഫീസറെ നിയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
എച്ച്1എൻ1 (H1N1) രോഗത്തിനെതിരെയും പ്രതിരോധം ശക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ഡെങ്കിപ്പനിയായതിനാൽ കൊതുകുകളുടെ വളർച്ച തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. കുടിവെള്ളം മൂടിവെച്ച് സൂക്ഷിക്കുക, ഇൻഡോർ പ്ലാന്റുക ളിലും ചെടിച്ചട്ടികളിലും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക, മലയോര മേഖലകളിൽ റബ്ബർപാൽ ശേഖരി ക്കുന്ന ചിരട്ടകൾ, കവുങ്ങിൻ തോട്ടങ്ങളിലെ പാളകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക എന്നിവ അത്യാവശ്യമാണ്. കുടിവെള്ളം പമ്പ് ചെയ്യുന്നതിലുള്ള ഇടവേളകൾ കൊതുക് പെരുകുന്നതിന് കാരണമാകു ന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സർവൈലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആവശ്യക്കാർക്ക് എലിപ്പനി പ്രതിരോധ മരുന്നുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും യോഗം നിർദേശിച്ചു. കൂടാതെ, ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് 19 വയസ്സ് വരെയുള്ളവർക്ക് വിര ഗുളികകൾ നൽകും. സ്കൂളുകളിൽ നിന്നും അങ്കണവാടികൾ വഴിയുമായിരിക്കും ഗുളികകളുടെ വിതരണം നടക്കുക.

