തൃത്താല: പാലക്കാട് കോതച്ചിറ ഗവ. യുപി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ‘എൻലൈറ്റ് തൃത്താല’ പദ്ധതി മണ്ഡലത്തിൽ വിജയകരമായി മുന്നേറുകയാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് ഈ പദ്ധതിയിലൂടെ മുപ്പത് ലക്ഷം രൂപയാണ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് ഇനത്തിൽ വിതരണം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1.20 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്കൂളിൽ പുതിയ കെട്ടിടം പണിതത്. രണ്ടു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളും രണ്ട് ശുചിമുറികളുമാണ് സജ്ജമാക്കിയിരിക്കുന്നത്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക് നിലവാരം ഉയർത്തുന്നതിനും പുതിയ കെട്ടിടം സഹായകമാകും.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും പങ്കെടുത്തു. മുൻ ഹെഡ്മിസ്ട്രസ് പുഷ്പലത സ്കൂളിനായി നൽകിയ പ്രൊജക്ടർ ചടങ്ങിൽ വെച്ച് കൈമാറി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു ജനപങ്കാളിത്തം ചടങ്ങിന് സാക്ഷ്യം വഹിച്ചു.

