മെൽബൺ: പാർപ്പിട നിർമ്മാണ മേഖലയിലെ നേട്ടങ്ങൾക്ക് അംഗീകാരമായി വിക്ടോറിയൻ സംസ്ഥാനത്തിന് 350 ദശലക്ഷം ഡോളറിന്റെ ഫെഡറൽ ഹൗസിംഗ് ബോണസ് അനുവദിച്ച് ഓസ്ട്രേലിയൻ കേന്ദ്ര സർക്കാർ. മെൽബണിലെ ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മെൽബണിന്റെ സമ്പന്നമായ ബഹുസ്വരതയെയും സാംസ്കാരിക വൈവിധ്യത്തെയും വാനോളം പ്രശംസിച്ചു.
നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക വളർച്ചാ സാധ്യതകളും എടുത്തുപറഞ്ഞ അദ്ദേഹം, മെൽബണിലെ ജനങ്ങളും അവരുടെ ഉന്നതമായ പ്രതീക്ഷകളുമാണ് നഗരത്തിന്റെ ഭാവിയുടെ കാതലെന്ന് തന്റെ പ്രസംഗത്തിൽ അടിവരയിട്ടു. വർദ്ധിച്ചുവരുന്ന ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനും കൂടുതൽ വീടുകൾ വേഗത്തിൽ നിർമ്മിക്കുന്നതിനും വിക്ടോറിയൻ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് ഈ ഫെഡറൽ ബോണസ് വലിയ കരുത്താകും.

