ക്യാൻബറ: ഓസ്ട്രേലിയൻ പ്രതിപക്ഷമായ ലിബറൽ പാർട്ടിയിൽ നേതൃമാറ്റത്തിനുള്ള സാധ്യതകൾ ശക്തമാക്കി ഷാഡോ ട്രഷറർ ആംഗസ് ടെയ്ലർ ) തന്റെ സ്ഥാനത്തുനിന്നും രാജിവെച്ചു. നിലവിലെ പ്രതിപക്ഷ നേതാവ് സൂസൻ ലെയ്ക്കെതിരെ നേതൃത്വ പോരാട്ടത്തിന് ഒരുങ്ങുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ടെയ്ലറുടെ രാജി. 1944-ൽ രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ലിബറൽ പാർട്ടി കടന്നുപോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു.പ്രമുഖ സെനറ്റർ ജസീന്ത നമ്പിജിൻപ പ്രൈസ് നേതൃമാറ്റത്തിനായി ആംഗസ് ടെയ്ലറെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പാർട്ടിയെ നയിക്കാൻ ടെയ്ലർക്ക് മാത്രമേ സാധിക്കൂ എന്നാണ് അവരുടെ പക്ഷം.
കഴിഞ്ഞ വർഷം നടന്ന നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് സൂസൻ ലെയ് വിജയിച്ചത്. എന്നാൽ സമീപകാലത്തെ മോശം സർവ്വേ ഫലങ്ങൾ (Newspoll) ലെയ്ക്കെതിരെയുള്ള അതൃപ്തി വർദ്ധിപ്പിച്ചു.വരും ദിവസങ്ങളിൽ ലിബറൽ പാർട്ടിക്കുള്ളിൽ നിർണ്ണായകമായ ‘ലീഡർഷിപ്പ് സ്പിൽ’ (Leadership Spill) നടക്കാൻ സാധ്യതയുണ്ട്. ആംഗസ് ടെയ്ലർ പത്രിക സമർപ്പിക്കുന്നതോടെ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ പുതിയൊരു അധികാര പോരാട്ടത്തിന് കളമൊരുങ്ങും.

