പെരുമ്പാവൂർ ഇനി കേരളത്തിന്റെ ‘ഇലക്ട്രോണിക് സിറ്റി’; കെയ്ൻസ് ടെക്നോളജി പ്രവർത്തനം ആരംഭിച്ചു

പെരുമ്പാവൂർ: കേരളത്തിന്റെ വ്യാവസായിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി പെരുമ്പാവൂർ ഇനി സംസ്ഥാനത്തിന്റെ ‘ഇലക്ട്രോണിക് സിറ്റി’യായി മാറും. വല്ലത്തെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തനമാരംഭിച്ച പ്രമുഖ ഇലക്ട്രോണിക്‌സ് നിർമ്മാണ കമ്പനിയായ കെയ്ൻസ് ടെക്നോളജിസിന്റെ ആദ്യ ഉൽപാദന യൂണിറ്റിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. 25 വർഷത്തോളമായി അടഞ്ഞുകിടന്ന ട്രാവൻകൂർ റയോൺസ് ഭൂമിയിലാണ് ആധുനികമായ ഈ ഇലക്ട്രോണിക്സ് ഹബ്ബ് യാഥാർത്ഥ്യമായത്.

ഒരു ഇലക്ട്രോണിക് നഗരമായി മാറാനുള്ള പെരുമ്പാവൂരിന്റെ യാത്രയുടെ തുടക്കമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. റയോൺസ് കമ്പനിയിലെ ഒരു കെട്ടിടം നവീകരിച്ചാണ് പ്രൊഡക്ഷൻ യൂണിറ്റ് സജ്ജമാക്കിയത്. ഉദ്ഘാടന വേളയിൽ തന്നെ ഇവിടെ നിർമ്മിച്ച 100 കമ്പ്യൂട്ടറുകൾ പുറത്തിറക്കി എന്നത് ശ്രദ്ധേയമായി. ഏകദേശം 350 കോടി രൂപയുടെ നിക്ഷേപമാണ് കെയ്ൻസ് ടെക്നോളജി ഇവിടെ നടത്തുന്നത്. വിപുലമായ സൗകര്യങ്ങളോടെയുള്ള രണ്ടാമത്തെ യൂണിറ്റിന്റെ നിർമ്മാണം എട്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. റയോൺസിന്റെ 30 ഏക്കർ ഭൂമി കിൻഫ്രയ്ക്ക് ലഭ്യമാക്കിയ മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഈ മാറ്റത്തിന് ആധാരമായത്.

ചടങ്ങിൽ വെച്ച് എ.ഐ ക്യാമറ നിർമ്മാണവുമായി ബന്ധപ്പെട്ട് കെൽട്രോണും കെയ്ൻസ് ടെക്നോളജീസും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു. വ്യവസായങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നമ്മുടെ കുട്ടികൾ ജോലി തേടി പുറത്തുപോകാതെ ഇവിടേക്ക് മടങ്ങിവരുന്ന ‘റിവേഴ്‌സ് മൈഗ്രേഷൻ’ സാധ്യമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *