കാന്‍ബറ: വിദേശത്തുനിന്നുള്ള കുടിയേറ്റക്കാരായി ഓസ്‌ട്രേലിയക്ക് ഇനി യൂബർ ഡ്രൈവർമാരെയോ നെയ്‌ൽ ടെക്നീഷ്യൻമാരെയോ നായകളെ നടത്തുന്നവരെയോ (dog walkers) ആവശ്യമില്ലെന്ന് വൺ നാഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. ന്യൂസ്24 അവതാരക ലോറ ജെയ്‌സുമായുള്ള അഭിമുഖത്തിലാണ് ഓസ്‌ട്രേലിയയുടെ വാർഷിക സ്ഥിര കുടിയേറ്റ പരിധി 1,30,000 ആയി പരിമിതപ്പെടുത്തണമെന്ന് ഹാൻസൺ ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്ത ആളുകളെ എന്തിന് കൊണ്ടുവരണമെന്ന് ചോദിച്ച ഹാൻസൺ, നിലവിലെ ഈ അവസ്ഥ ഒരു തട്ടിപ്പാണെന്ന് വിശേഷിപ്പിച്ചു. വിസ അനുമതി നൽകുന്നതിനുള്ള വൈദഗ്ധ്യ പട്ടികയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും, രാജ്യത്തെ നയിക്കാൻ കഴിവുള്ള ഡോക്ടർമാർ, നഴ്സുമാർ, എൻജിനീയർമാർ തുടങ്ങിയ മേഖലകളിലുള്ളവരെയാണ് ഓസ്‌ട്രേലിയക്ക് ആവശ്യമെന്നും അവർ ചൂണ്ടിക്കാട്ടി. ഭവന പ്രതിസന്ധിയും അടിസ്ഥാന സൗകര്യങ്ങളുടെ മേലുള്ള സമ്മർദ്ദവും കുറയ്ക്കാൻ കുടിയേറ്റ നിരക്ക് മന്ദഗതിയിലാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓസ്‌ട്രേലിയ 1,85,000 സ്ഥിര കുടിയേറ്റ വിസകൾ അനുവദിച്ചപ്പോൾ, മൊത്തത്തിലുള്ള അറ്റ കുടിയേറ്റം 3,06,000 ആയി ഉയർന്നിരുന്നു. വിദഗ്ദ്ധ കുടിയേറ്റത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് പറയുമ്പോഴും നിർമ്മാണ മേഖലയിലടക്കം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും, കഴിഞ്ഞ വർഷങ്ങളിൽ നിർമ്മാണ മേഖലയിലേക്ക് വെറും 1,800 പേർ മാത്രമാണ് എത്തിയതെന്നും അവർ ആരോപിച്ചു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അനുവാദം നൽകുന്നതിനെയും അവർ രൂക്ഷമായി വിമർശിച്ചു. പഠിക്കാൻ വരുന്നവർ കുടുംബത്തെ കൂടെക്കൂട്ടുന്നതിന് പകരം ഓൺലൈൻ കോഴ്സുകൾ ചെയ്യണമെന്നും, ഇത് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഭാരമാണെന്നും ഹാൻസൺ പറഞ്ഞു. കൂടാതെ ഓസ്‌ട്രേലിയയിൽ വിസാ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന 4,32,000 ബ്രിഡ്ജിംഗ് വിസക്കാരും ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

