തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം കുറിച്ചുകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ 30 റോഡുകളും 6 പാലങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന്റെ ഉദ്ഘാടനം നേരിട്ട് നിർവ്വഹിച്ചുകൊണ്ടാണ് മറ്റ് പദ്ധതികളുടെ സമർപ്പണവും മുഖ്യമന്ത്രി നടത്തിയത്.
പ്രധാന പദ്ധതികളിൽ ഒന്നായ പാലക്കാട്ടെ മുണ്ടൂർ-തൂത നാലുവരി സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയും, ആലപ്പുഴയിലെ മാരാരിക്കുളം – തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ് (ഫേസ് 4, 5) നവീകരണവും മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും മുൻഗണന നൽകുന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതികൾ പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
മലയോര മേഖലയായ അമ്പൂരിയിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമായതോടെ വലിയൊരു യാത്രാക്ലേശത്തിനാണ് പരിഹാരമായത്. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

