ബെർലിൻ: ജീവിതച്ചെലവ് കുറയ്ക്കുക, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, നിർബന്ധിത സൈനിക സേവനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജർമനിയിലെ വിവിധ നഗരങ്ങളിൽ നടന്ന ജെൻ സി പ്രക്ഷോഭം അക്രമാസക്തമായി. ഫ്രാങ്ക്ഫർട്ട്, ബെർലിൻ, ഹാംബർഗ്, കൊളോൺ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. കടകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി.
ഒക്ടോബർ 31-ന് ‘ജെൻ സി റെഗെൽറ്റ്’ (Gen Z regelt) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 34 നഗരങ്ങളിൽ പ്രതിഷേധം നടന്നത്. പതിനായിരക്കണക്കിന് യുവാക്കൾ പ്രകടനങ്ങളിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ജീവിതച്ചെലവ് കുറയ്ക്കുക, സർക്കാർ ചെലവുകൾ വിദ്യാഭ്യാസത്തിനും പൊതുസേവനങ്ങൾക്കും കൂടുതൽ വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകർ ഉന്നയിച്ചത്. പ്രതിരോധച്ചെലവ് വർധിപ്പിക്കുന്നതിനെയും നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെയും അവർ എതിർത്തു.
പകൽ സമാധാനപരമായി നടന്ന പ്രകടനങ്ങൾ രാത്രിയോടെയാണ് അക്രമാസക്തമായത്. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ച സംഘം കടകളുടെ ചില്ലുകൾ തകർക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. പൊലീസിനുനേരെ കല്ലുകളും പടക്കങ്ങളും പെട്രോൾ ബോംബുകളും എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് പൊലീസ് ജലപീരങ്കിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ സെയിൽ തെരുവിൽ സുരക്ഷ ശക്തമാക്കി.
ഫ്രാങ്ക്ഫർട്ടിൽ 17 കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അഞ്ചെണ്ണം കൊള്ളയടിച്ചതായും ഹെസ്സെ ആഭ്യന്തരമന്ത്രി റോമൻ പോസെക് അറിയിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 54 പേരെ അറസ്റ്റ് ചെയ്തു. 13 മുതൽ 29 വയസ്സുവരെയുള്ളവരാണ് അറസ്റ്റിലായത്. 1,300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. നൂറിലധികം പൊലീസുകാർക്ക് പരിക്കേറ്റതായും സംസ്ഥാന ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ബെർലിനിൽ പൊലീസുകാർക്കുനേരെ കല്ലുകളും കുപ്പികളും എറിഞ്ഞു. 27 പൊലീസുകാർക്ക് നിസാര പരിക്കേറ്റതായും 60 ഓളം പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ഹാംബർഗിൽ പ്രതിഷേധക്കാർ റോഡുകളിൽ തീകൊളുത്തിയ തടസ്സങ്ങൾ സൃഷ്ടിക്കുകയും പൊലീസിനുനേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു. കൊളോണിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ജലപീരങ്കി ഉപയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
അക്രമസംഭവങ്ങളെ ജർമൻ ആഭ്യന്തരമന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് അപലപിച്ചു. അക്രമങ്ങളിലും കൊള്ളയിലും പങ്കെടുത്തവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമസംഘങ്ങൾ ഹൈജാക്ക് ചെയ്തുവെന്നാണ് അധികൃതരുടെ ആരോപണം.
അതേസമയം, അക്രമസംഭവങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും സമാധാനപരമായ പ്രതിഷേധമാണ് ലക്ഷ്യമിട്ടതെന്നും ജെൻ സി റെഗെൽറ്റ് സംഘടന വ്യക്തമാക്കി. തീവ്രവാദ സംഘടനകൾക്കും വംശീയതയ്ക്കും വിദ്വേഷപ്രചാരണത്തിനും പ്രസ്ഥാനത്തിൽ സ്ഥാനമില്ലെന്നും സംഘാടകർ അറിയിച്ചു.
ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ജർമനിയിലും പ്രതിഷേധം ശക്തമായത്. യുവതലമുറയുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നുവെന്ന വിമർശനമാണ് പ്രക്ഷോഭത്തിന് പിന്നിൽ. വിദ്യാഭ്യാസ മേഖലയിലെ ചെലവുചുരുക്കലും വർധിച്ചുവരുന്ന ജീവിതച്ചെലവും സൈനിക ചെലവുകൾക്കായുള്ള നീക്കങ്ങളും യുവാക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

