കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് വൈപ്പിനില്‍ ആവേശകരമായ തുടക്കം

പ്രകൃതിഭംഗിയും ചരിത്രസ്മരണകളും തുളുമ്പുന്ന എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലം ഇനി വലിയൊരു വിനോദസഞ്ചാര കേന്ദ്രമാകുന്നു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് ബോൾഗാട്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു.

നവോത്ഥാന നായകരായ സഹോദരൻ അയ്യപ്പൻ, ദാക്ഷായണി വേലായുധൻ, സിസ്റ്റർ ഏലീശാമ്മ, പി.കെ. ബാലകൃഷ്ണൻ, സർവ്വോദയം കുര്യൻ എന്നിവരുടെ ജന്മനാടിന്റെ ചരിത്രവും കടമക്കുടിയുടെ കായൽ സൗന്ദര്യവും കോർത്തിണക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ആദ്യ യാത്രയുടെ ഭാഗമായി തൊടുപുഴയിൽ നിന്നെത്തിയ അമ്പതംഗ യാത്ര സംഘത്തെ എംഎൽഎ സ്വാഗതം ചെയ്തു.

എറണാകുളം മറൈൻ ഡ്രൈവിലെ വാട്ടർ മെട്രോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര, ബോൾഗാട്ടി വഴി താന്തോന്നിതുരുത്ത്, ചെറിയാൻതുരുത്ത്, കടമക്കുടി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് നീങ്ങുന്നത്. കായലിന്റെ സൗന്ദര്യം നുകർന്നുകൊണ്ടുള്ള ഈ ജലയാത്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം മാലിപ്പുറം, എളങ്കുന്നപ്പുഴ ബീച്ച് എന്നിവ സന്ദർശിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം, എൻട്രി ഫീസ് എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഈ ബജറ്റ് പാക്കേജ്.

Leave a Reply

Your email address will not be published. Required fields are marked *