മമിത ബൈജുവിന്റെ സാന്നിധ്യത്തിൽ ക്ലൈഡ് ഓണാഘോഷം ഗംഭീരമായി; ഓസ്‌ട്രേലിയയിലെ അവസാന ഓണസംഗമത്തിന് ആവേശകരമായ സമാപനം

മെൽബൺ: ചലച്ചിത്ര താരം മമിത ബൈജുവിന്റെ സാന്നിധ്യത്തിൽ ക്ലൈഡ് മലയാളി കമ്മ്യൂണിറ്റി ഇൻകോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ക്ലൈഡ് ഓണം 2026’ അതീവ ഗംഭീരമായി കൊണ്ടാടി. ഓസ്‌ട്രേലിയയിലെ ഈ വർഷത്തെ ഏറ്റവും ഒടുവിലത്തെ ഓണാഘോഷം കൂടിയായി മാറിയ ഈ സംഗമം വിക്ടോറിയൻ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടി മമിത ബൈജുവിന് അസുഖം ബാധിച്ചതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാൽ മാറ്റിവെച്ച തീയതിയിൽ കൂടുതൽ ആവേശത്തോടെയും ഉന്മേഷത്തോടെയുമാണ് പ്രവാസി സമൂഹം ഒത്തുചേർന്നത്.

ക്രാൻബേൺ റേസ് കോഴ്സിലെ ഗ്രാൻഡ് പവലിയനിൽ (50 Grant Street, Cranbourne VIC 3977) നടന്ന ആഘോഷപരിപാടികൾക്ക് രാവിലെ 11:30-ന് തന്നെ തുടക്കമായി. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഒരേസമയം രാവിലെ 11:30 മുതൽ ആരംഭിച്ചു. ഉച്ചയ്ക്ക് 2:30 വരെയായിരുന്നു ഓണസദ്യ വിളമ്പിയത്. തുടർന്ന് വൈകുന്നേരം 6:00 മണിക്ക് മുഖ്യാതിഥിയായ മമിത ബൈജുവിനെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വീകരിച്ച് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

നിരവധി കുടുംബങ്ങളും കുട്ടികളും പരമ്പരാഗത വേഷങ്ങളണിഞ്ഞ് ഒത്തുചേർന്ന വേദിയിൽ നാടിൻ്റെ തനിമയും സംസ്കാരവും പ്രതിഫലിക്കുന്ന ഒട്ടനവധി സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായ ഈ വിപുലമായ ഓണാഘോഷ പരിപാടികൾ രാത്രി 9:30-ഓടെയാണ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *