ബംഗ്ലാദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ബംഗ്ലാദേശിൽ ഇന്ന് തെരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന അധികാരഭ്രഷ്ടയായശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആകെ വോട്ടർമാരുടെ എണ്ണം 12.7 കോടിയാണ്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നു ബംഗ്ലാദേശ് സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വിദേശ നിരീക്ഷകർ ബംഗ്ലദേശിലെത്തിയിട്ടുണ്ട്. പകുതിയോളം ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ ഒൻപതു ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വോട്ടെടുപ്പ്.

ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും ഇന്നു നടക്കും. ബംഗ്ലാദേശിന്‍റെ ജുഡീഷറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാർട്ടർ. പ്രധാനമന്ത്രിയുടെ കാലാവധി 10 വർഷത്തേക്ക് പരിമിതപ്പെടുത്തുക, 100 അംഗങ്ങളുള്ള ഉപരിസഭയുള്ള ഒരു ദ്വിസഭ പാർലമെന്‍റ് രൂപവത്കരിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജൂലൈ നാഷണൽ ചാർട്ടറിലുള്ളത്.

ഷേഖ് ഹസീനയും ഖാലിദ സിയയും നയിക്കുന്ന പാർട്ടികളായിരുന്നു മൂന്നു ദശകമായി ബംഗ്ലാദേശ് രാഷ്‌ട്രീയം നിയന്ത്രിച്ചിരുന്നത്. പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടമായ ഷേഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഖാലിദ സിയ ഡിസംബറിൽ അന്തരിച്ചു. ഷേഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച സാഹചര്യത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലെത്താനാണു സാധ്യത.

ഖാലിദ സിയയുടെ മകൻ താരിഖ് റഹ്‌‌മാൻ ആണ് ബിഎൻപിയെ നയിക്കുന്നത്. 17 വർഷം വിദേശത്തായിരുന്ന താരിഖ് റഹ്‌മാൻ ഡിസംബറിലാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടി സഖ്യം ബിഎൻപിക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.

90 ശതമാനം മുസ്‌ലിംകളുള്ള ബംഗ്ലാദേശിൽ എട്ടു ശതമാനത്തോളം ഹൈന്ദവരുണ്ട്. ക്രിസ്ത്യൻ, ബുദ്ധ വിഭാഗങ്ങളും രാജ്യത്തുണ്ട്. ഷേഖ് ഹസീന പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങൾക്കു നേർക്ക് നിരന്തരം ആക്രമണമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദു ബിസിനസുകാരനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

കാനഡയിലെ സ്കൂളിൽ വെടിവയ്പ്പ്; ഒമ്പതു മരണം
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെടിവയ്പ്പിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഒരു സ്ത്രീയാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് അക്രമി സ്വയം വെടിവച്ച് മരിച്ചു.

ആറു പേരുടെയും അക്രമിയുടെയും മൃതദേഹം സ്കൂളിനുള്ളിൽ നിന്നും, മറ്റുള്ളവരുടെ മൃതദേഹം സ്കൂളിന് സമീപത്തെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിട്ടില്ല.

വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ എമർജൻസി അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഏകദേശം അഞ്ച് മണിക്കൂറുകൾക്ക് ശേഷം സുരക്ഷ ഉറപ്പാക്കിയതോടെയാണ് നിയന്ത്രണങ്ങൾ അവസാനിച്ചത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *