കാരുണ്യത്തിന്റെ മൂന്ന് പതിറ്റാണ്ട്; ദിവ്യരക്ഷാലയം 30-ാം വാർഷികാഘോഷങ്ങൾ സമാപനത്തിലേക്ക്

തൊടുപുഴ: മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കുന്നു. 1996-ൽ കേവലം നാല് അന്തേവാസികളുമായി ഒരു ഒറ്റമുറി വീട്ടിൽ പ്രവർത്തനം ആരംഭിച്ച ഈ കാരുണ്യ പ്രസ്ഥാനം, ഇന്ന് മുന്നൂറോളം മാനസിക രോഗികളായ ആളുകൾക്കും മുപ്പതിലധികം ശുശ്രൂഷകർക്കും തണലായി മാറിയിരിക്കുകയാണ്. നാളിതുവരെ രണ്ടായിരത്തി അറുന്നൂറ്റി എഴുപതോളം ആളുകൾക്ക് ഇവിടെ അഭയം നൽകാൻ സാധിച്ചിട്ടുണ്ട്.

മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ദിവ്യരക്ഷാലയത്തിൽ ക്രമീകരിച്ചിരിക്കു ന്നത്. ഇതിന്റെ ഭാഗമായി ജൂൺ 12, 13 തീയതികളിൽ ദിവ്യകാരുണ്യ ആരാധനയും , ജൂൺ 14-ന് രാവിലെ 10.00 മണിക്ക് പ്രത്യേക കൃതജ്ഞതാബലിയും നടന്നു.

ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ജൂൺ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് പൊതു സമ്മേളനവും , തുടർന്ന് ഭവനാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദിവ്യരക്ഷാലയം പ്രസിഡന്റ് ടോമി ഓടയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തൊടുപുഴ MLA അപു ജോൺ ജോസഫ് മുഖ്യാതിഥിയായിരിക്കും.

ദീപിക ബാലജനസഖ്യം കൊച്ചേട്ടനും കേരള സ്പെഷ്യൽ ഒളിമ്പിക്സ് ഡയറക്ടറുമായ റവ. ഫാ. റോയി കണ്ണൻചിറ CMI മുഖ്യപ്രഭാഷണവും, മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി റവ. ഫാ. ജോർജ്ജ് വള്ളോംകുന്നേൽ അനുഗ്രഹ പ്രഭാഷണവും നടത്തും.

ചടങ്ങിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു, തൊടുപുഴ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സലിംകുട്ടി, എസ്. എച്ച്. ഹോസ്പിറ്റൽ ഡയറക്ടർ സി. മേഴ്‌സി കുര്യൻ SH, യുകെയിലെ സോഷ്യൽ വർക്ക് റിസർച്ചറും എഡ്യൂക്കേറ്ററുമായ ഡോ. ബിൻസൺ പി അഗസ്റ്റ്യൻ, കുമാരമംഗലം മെഡിക്കൽ ഓഫീസർ ഡോ. റോസ് റൈനോൾഡ്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജിഷ ഷൈസൻ, മദർ & ചൈൽഡ് ഫൗണ്ടേഷൻ ഡയറക്ടർ ജോഷി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ബിന്ദു ഓടയ്ക്കൽ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *