സഞ്ജയ് പരമേശ്വരന്‍
മെൽബൺ: അക്ഷരങ്ങളിലൂടെയും ഹൃദയങ്ങളിലൂടെയും ഒന്നായി ചേരാൻ കഴിയുമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിവൽ ‘അക്ഷരോത്സവം 2026’ മെൽബണിൽ സമാപിച്ചു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി, അറിവിന്റെയും അക്ഷരങ്ങളുടെയും ആദ്യാക്ഷരമായ ഹരിശ്രീ കുറിച്ചുകൊണ്ടായിരുന്നു അക്ഷരോത്സവം 2026-ന് തുടക്കമായത്. മലയാളത്തിന്റെ മഹത്തായ സാഹിത്യപാരമ്പര്യത്തിലേക്കുള്ള ഹൃദയയാത്രയായി മാറിയ വേദിയിൽ പ്രശസ്ത കവി വി. മധുസൂദനൻ നായരുടെ സാന്നിധ്യം ശ്രദ്ധേയമായി. കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും, സ്നേഹവും വാത്സല്യവും നിറഞ്ഞ വാക്കുകളിലൂടെ അദ്ദേഹം കാണികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. കവിതയുടെ മധുരവും ഭാഷയുടെ സൗന്ദര്യവും പങ്കുവെച്ച ആ നിമിഷങ്ങൾ മലയാളത്തിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അപൂർവമായ അനുഭവമായിരുന്നുവെന്ന് സംഘാടകരായ മെൽബൺ വിപഞ്ചിക ഗ്രന്ഥശാല വ്യക്തമാക്കി.
കവിത ചൊല്ലിയും ഭാവനയുടെ വർണങ്ങൾകൊണ്ട് വേദിയെ മനോഹരമാക്കിയും കലാകാരന്മാരും കലാകാരികളും സായാഹ്നത്തിന് കാവ്യഭംഗി പകർന്നു. തുടർന്ന് അനൂപ് ശിവശങ്കരൻ ഒരുക്കിയ സംഗീതവിരുന്നിൽ ഗായിക എസ്. ജാനകിയമ്മയുടെ മധുരസ്മരണകൾ ഉണർത്തി ‘മൗനം പോലും മധുരം’ എന്ന ഗാനത്തിലൂടെ ഗായകർ സദസ്സിനെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സദസ്സിലിരുന്നവർ ആ ഗാനങ്ങൾ ഒരേ ഈണത്തിൽ ഏറ്റുപാടിയത് വികാരനിർഭരമായ കാഴ്ചയായി.
ഈ അക്ഷരോത്സവത്തെ ഒരു വിജയമെന്നോ പരാജയമെന്നോ അളന്നുതീർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, ചില സംഗമങ്ങളുടെ മഹത്വം കണക്കുകളിലോ വേദിയിലെ ആരവങ്ങളിലോ അല്ല, മറിച്ച് അവ സമ്മാനിക്കുന്ന ഓർമ്മകളിലാണെന്നും വിപഞ്ചിക ഗ്രന്ഥശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ സൗഹൃദങ്ങളും പങ്കുവെച്ച ചിരികളും കവിതയുടെ ഈണങ്ങളും സംഗീതത്തിന്റെ മാധുര്യവും മലയാളത്തോടുള്ള ഒരുമിച്ചുള്ള സ്നേഹവും ചേർന്ന് ഈ സായാഹ്നം അമൂല്യമായ ഓർമ്മയായി മാറി. പരിപാടിയിൽ പങ്കുചേർന്ന ഓരോരുത്തർക്കും, സ്നേഹവും പിന്തുണയും നൽകി ഒപ്പം നിന്നവർക്കും, തിരക്കുകളും സാഹചര്യങ്ങളും കാരണം എത്തിച്ചേരാൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് മനസ്സുകൊണ്ട് ഒപ്പം നിന്നവർക്കും വിപഞ്ചിക ഗ്രന്ഥശാല ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
“ഒന്നെന്നെങ്ങനെയെഴുതാം വളവും വേണ്ട, ചെരിവും വേണ്ട, കുത്തനെയൊരു വര, കുറിയ വര, ഒന്നായി, നന്നായി, ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി” എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട്, ഒന്നായി നിൽക്കാനും ചിന്തിക്കാനും അക്ഷരങ്ങളെ ചേർത്തുപിടിക്കാനും ഇനിയും മുന്നേറാമെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ ആഹ്വാനം ചെയ്തു. ഭാഷ നിലനിൽക്കുന്നത് പുസ്തകത്താളുകളിൽ മാത്രമല്ല, അത് സ്നേഹിക്കുന്ന മനുഷ്യരുടെ ഹൃദയങ്ങളിലാണെന്നും, മലയാളത്തിന്റെ മണമുള്ള ഈ മണ്ണിൽ വരുംതലമുറയ്ക്ക് അക്ഷരങ്ങളുടെ വെളിച്ചം പകരാനും സാഹിത്യത്തിന്റെ സ്നേഹത്തണൽ ഒരുക്കാനും ഇനിയും ഒത്തുചേരാമെന്നും വിപഞ്ചിക ഗ്രന്ഥശാല കൂട്ടിച്ചേർത്തു.

